വാഷിങ്ടൺ: കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ച ഒരു ദശാബ്ദത്തോളം നീണ്ടുനിൽക്കുമെന്ന് ലോകബാങ്ക് തലവൻ ഡേവിഡ് മാൽപാസ്. ആഗോള സാമ്പത്തിക വ്യവസ്ഥയെ കോവിഡ് മഹാമാരി കനത്ത പ്രഹരം ഏൽപ്പിക്കും. കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം ആറുകോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മാൽപാസ് മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡിൻെറ വ്യാപനവും അടച്ചുപൂട്ടലും കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന മാർഗത്തെ തകർത്തു. ആരോഗ്യപരമായ മാറ്റവും വരുമാനം നിലക്കുന്നതും സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇവ മറിക്കടക്കുക കഠിനമായിരിക്കും. ഒാരോ രാജ്യങ്ങളിലും വ്യത്യസ്ത തരത്തിലായിരിക്കും കോവിഡ് നാശം വിതക്കുക. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള യു.എസിൽ ഇപ്പോഴും ഒാഹരി വിപണി ഉയർന്നുനിൽക്കുന്നു. എങ്കിലും അവിടെ തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു. അതേപോലെ വികസ്വര, ദരിദ്ര്യ രാജ്യങ്ങളിലും കനത്ത പ്രഹരം ഏൽപ്പിക്കുന്നു. തൊഴിൽ നഷ്ടത്തിനൊപ്പം അസംഘടിത മേഖലയിൽ പോലും തൊഴിൽ നേടാൻ കഴിയാത്ത സാഹചര്യവും ഈ രാജ്യങ്ങളിൽ വരും. ഇതിൻെറ പ്രത്യാഘാതം ഒരു ദശാബ്ദക്കാലം പിന്തുടരും.
കോവിഡ് കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് ലോകബാങ്ക് സഹായം നൽകുന്നുണ്ടെങ്കിലും അവ തികയാതെ വരികയും കൂടുതൽ ആവശ്യമായി വരികയും ചെയ്യുന്നു. ഈ സമയങ്ങളിൽ ബാങ്ക്, പെൻഷൻ ഫണ്ട് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ പാവങ്ങൾക്ക് പണം എത്തിക്കാൻ തയാറാകണം. ലക്ഷ്യം മുന്നിൽകണ്ടുള്ള സർക്കാർ പിന്തുണയും സ്വകാര്യ മേഖലക്കായി നടപ്പാക്കുന്ന പദ്ധതികളും സമ്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കും. നിക്ഷേപവും പിന്തുണയും നിർമാണം പോലെയുള്ള മേഖലകളിൽ തൊഴിൽ സൃഷ്ടിക്കാൻ ഇടയാക്കും. കൂടാതെ കോവിഡ് ഇല്ലാതാക്കിയ ടൂറിസം പോലെയുള്ള മേഖലകളെ തിരിച്ചുകൊണ്ടുവരാനും സഹായിക്കും.
ആഗോള വിപണിയിലുണ്ടായ നഷ്ടം സമ്മതിച്ച അദ്ദേഹം വിതരണ ശൃംഖലയിലെ കണ്ണികൾ മുറിഞ്ഞതും വ്യാപാര തടസവുമെല്ലാം പ്രതിസന്ധിക്ക് ആക്കംകൂട്ടിയതായും പറഞ്ഞു. വ്യാപാരം കുറഞ്ഞതോടെ ആഗോളതലത്തിൽ പിരിമുറുക്കവും അസമത്വവും രൂപപ്പെട്ടു. എങ്കിലും ഈ മഹാവിപത്തിനെ മറികടക്കും. ഇൗ മഹാവിപത്തിൽ പുതിയ വഴികൾ കണ്ടെത്തുന്നത് പ്രയാസകരമായിരിക്കും. എങ്കിലും അതിനായി രാജ്യവും ഭരണകൂടവും ഒരുമിച്ചുനിന്ന് പരിശ്രമിക്കണം.
പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണം. ഞാൻ ശുഭാപ്തി വിശ്വാസമുള്ളയാളാണ്. കാലമെത്ര കഴിഞ്ഞാലും മനുഷ്യ സമൂഹം ശക്തമായിരിക്കും. മാറ്റം അനിവാര്യവുമാകും. ലോകം വേഗത്തിൽ സഞ്ചരിക്കുകയും പരസ്പര സംയോജിതവുമായിരിക്കും. ഭാവിയിൽ നല്ലതുമാത്രം വരുമെന്ന് പ്രതീക്ഷിക്കാം. വെല്ലുവിളികളെ കൃത്യമായ സമയത്ത് കൃത്യമായ പദ്ധതികളോടെ ഏറ്റെടുക്കണം. അതിനിടയിൽ ചിലപ്പോൾ വേദനയുമുണ്ടാകും -ഡേവിഡ് മാൽപാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.