സൂറത്ത്: ചൈനയിൽ നിന്നും പടർന്ന കൊറോണ വൈറസ് ബാധയിൽ സൂറത്തിലെ വജ്രവ്യാപാര മേഖല നേരിടുന്നത് കനത്ത നഷ്ടം. രണ്ടു മാസത്തിനിടെ വജ്രവ്യാപാരത്തിൽ 8,000 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കുകൾ. സൂറത്തിൽ നിന്നും ഏറ്റവും കൂടുതൽ വജ്രം കയറ്റുമതി ചെയ്യുന്നത് ഹോങ്കോങ്ങിലേക്കാണ്. എന്നാൽ ജനുവരി ആദ്യ ആഴ്ചയോടെ ഹോങ്കോങ്ങിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധിയായതും പിന്നീട് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതും വജ്ര കയറ്റുമതിയിൽ ഇടിവ് വരുത്തി.
ഒരു വർഷത്തിൽ 50,000 കോടിയുടെ വജ്രമാണ് സൂറത്തിൽ നിന്നും പോളിഷ് ചെയ്ത് ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കാറുള്ളത് എന്ന് ജെംസ് ആൻറ് ജ്വല്ലറി എക്സ്പ്രോർട്ട് പ്രമോഷൻ കൗൺസിലിെൻറ മേഖല ചെയർമാൻ ദിനേശ് നവാദിയ പറഞ്ഞു.
മൊത്തം വജ്ര കയറ്റുമതിയുടെ 37 ശതമാനവും സൂറത്തിൽ നിന്നാണ്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന 99 ശതമാനം വജ്രവും പോളിഷ് ചെയ്യുന്നതും സൂറത്തിൽ തന്നെയാണ്. ഹോങ്കോങ്ങിലുടെയാണ് സൂറത്തിൽ നിന്നുള്ള വജ്രവും വജ്ര ആഭരണങ്ങളും മറ്റ് ലോകരാജ്യങ്ങളിലേക്ക് എത്തുന്നത്.
ഹോങ്കോങ്ങിലെയും ചൈനയിലെയും നിലവിലെ സ്ഥിതി വജ്ര വ്യാപാരത്തെ തളർത്തിയിരിക്കുകയാണ്.
ഫെബ്രുവരി -മാർച്ച് മാസങ്ങളിൽ ഇൗ മേഖലയിൽ 8000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഹോങ്കോങ്ങിലെ സ്ഥിതി മെച്ചെപ്പടുന്നതോടെ വജ്ര കയറ്റുമതിയും വർധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ദിനേശ് നവാദിയ പറഞ്ഞു.
ഹോങ്കോങ്ങിൽ നടത്താനിരുന്ന അന്താരാഷ്ട്ര വജ്രവിപണന മേളയും മാറ്റിവെക്കുമെന്നാണ് വിവരം. മേള റദ്ദാക്കിയാൽ അതും സൂറത്തിനെ ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.