പ്രോവിഡൻറ് ഫണ്ട് പെൻഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈകോടതി പുറപ്പെടുവിച്ച ചരിത്രവിധി കേരളത്തിലെ രണ്ടു ലക്ഷത്തോളം ജീവനക്കാർക്ക് വൻ നേട്ടമുണ്ടാക്കും. പി.എഫ് പെൻഷൻ നിയമത്തിൽ 01.09.2014 മുതലുണ്ടായിരുന്ന, ദ്രോഹകരമായ മുഴുവൻ ഭേദഗതികളും വിജ്ഞാപനങ്ങളും കോടതി റദ്ദാക്കുകയാണ് ചെയ്തത്. ഇതോടെ ഇപ്പോൾ ലഭിക്കുന്ന തുച്ഛമായ പെൻഷന് പകരം ശമ്പളത്തിെൻറ ആനുപാതികമായ ഉയർന്ന പെൻഷൻ ലഭിക്കാനാണ് വഴിയൊരുങ്ങുന്നത്.
ഇതിനായി ജീവനക്കാരനും സ്ഥാപനവും ചേർന്ന് നൽകേണ്ട ജോയൻറ് ഒാപ്ഷൻ അപേക്ഷ സമയപരിധിയില്ലാതെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. പെൻഷന് 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കിയിരുന്ന വിജ്ഞാപനം റദ്ദാക്കി, അവസാന 12 മാസ ശമ്പളത്തിെൻറ ശരാശരി എടുക്കണമെന്നും ചരിത്രവിധിയിൽ കോടതി പറഞ്ഞു. 01.09.2014നുമുമ്പ് സർവിസിൽ കയറിയ 15,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്നവരിൽനിന്ന് 1.16 ശതമാനം അധിക വിഹിതം ഇൗടാക്കിയിരുന്നതും കോടതി റദ്ദാക്കി.
പെൻഷന് വേണ്ടത് മാസവരിസംഖ്യയുടെ ഒരു ഭാഗം മാത്രം
ജീവനക്കാരന് ആജീവനാന്ത പെൻഷൻ നൽകാൻ അവർ അടക്കുന്ന മാസവരിസംഖ്യയുടെ പലിശയുടെ ഒരു ഭാഗം മാത്രം മതി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഉദാഹരണത്തിന്, 1995 നവംബർ മുതൽ 5000 രൂപ ശമ്പളമുള്ള മാസം 417 രൂപ പി.എഫ് വിഹിതം അടച്ചിരുന്ന ഒരാൾ, 2001ഒാടെ ശമ്പളം 6500 ആയി ഉയർന്നതിനാൽ മാസം 541 രൂപ പി.എഫ് വിഹിതം അടച്ചാൽ ആ ജീവനക്കാരൻ 2014 ഡിസംബറിൽ വിരമിക്കുേമ്പാൾ അക്കൗണ്ടിലുണ്ടാകുന്നത് 3.14 ലക്ഷം രൂപയായിരിക്കും.
19 വർഷത്തെ സർവിസ് കാലയളവിൽ പെൻഷൻ ഫണ്ടിലേക്ക് പിടിക്കുന്ന തുകയും അതിെൻറ പലിശയും ചേർത്തതാണ് ഇൗ തുക. വിരമിച്ചശേഷം ജനുവരി മുതൽ ഇതിെൻറ മാസപ്പലിശ 2200 രൂപ കണക്കാക്കിയാൽ അതിെൻറ ഒരു ഭാഗമായ 1800 രൂപയാണ് മാസ പെൻഷനായി നൽകിവരുന്നത്. ബാക്കി 400 രൂപ മാസംതോറും മുതലിനോട് ചേർക്കും. തുടർന്ന് 15 വർഷംകൊണ്ട് പെൻഷൻകാരൻ മരിച്ചാൽ ഭാര്യക്ക് പകുതി പെൻഷൻ തുകയായ 900 രൂപയാണ് ലഭിക്കുക.
ബാക്കി തുകയും പലിശയുംകൂടി മൊത്തം മുതലിനോട് ചേർക്കും. അടുത്ത അഞ്ചു വർഷത്തിനുശേഷം ഭാര്യയും മരിച്ചാൽ അതുവരെയുള്ള കൂട്ടുപലിശയും മുതലുംകൂടി ഏകദേശം അഞ്ചരലക്ഷത്തിനു മുകളിലെത്തും. പ്രസ്തുത തുക മരിച്ചവരുടെ അനന്തരാവകാശിക്ക് നൽകാതെ ഇ.പി.എഫ്.ഒ സ്വന്തമായി മുതൽകൂട്ടുകയാണ് ചെയ്യുന്നത്. ഇങ്ങനെ മുതലും പലിശയും ചേർത്തുണ്ടാക്കുന്ന അതിഭീമമായ സംഖ്യയാണ് വർഷംതോറും പ്രോവിഡൻറ് ഫണ്ടിൽ അവശേഷിക്കുന്നത്.
എത്ര കൂടും?
കോടതിവിധിയനുസരിച്ച് ഒരാളുടെ പെൻഷനിൽ ശരാശരി 10,000 മുതൽ 50,000 രൂപവരെ വർധനയുണ്ടാകും. കേരളത്തിൽ ഉയർന്ന പെൻഷൻ നേടിയ 2902 പേർക്ക് മുമ്പ് കിട്ടിയിരുന്ന വാർഷിക പെൻഷൻ മൊത്തം 55,71,709 രൂപയാണ്. വർധിപ്പിച്ച പെൻഷൻ അനുസരിച്ച് ഇത്രയും പേർക്ക് 2,09,97,416 രൂപയാകും. അതായത്, ഒന്നരകോടി രൂപയാണ് 2902 പേർക്ക് വർഷത്തിൽ അധികം കിട്ടിയത്. അതിനനുസരിച്ചാണ് മറ്റുള്ളവരുടെ പെൻഷൻ വർധനയും വരുക.
പെൻഷൻ ഫോർമുല
അവസാന 12 മാസത്തെ ശരാശരി ശമ്പളത്തെ ജോലിചെയ്ത വർഷംകൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിച്ചാണ് പി.എഫ് പെൻഷൻ കണക്കാക്കുന്നത് (പ്രതിമാസ പെൻഷൻ തുക= 12 മാസ ശരാശരി ശമ്പളം x ജോലി ചെയ്ത വർഷം/ 70). 16.11.1995 മുതലോ അല്ലെങ്കിൽ അതിനുശേഷം ജോലിയിൽ പ്രവേശിച്ച തീയതി മുതൽ വിരമിച്ച ദിവസം വരെയുമുള്ള കാലയളവാണ് നിയമപ്രകാരം സേവനകാലമായി കണക്കാക്കുന്നത്. ആകെ ജോലി ചെയ്തത് 20 വർഷമോ അതിൽ കൂടുതലോ ആണെങ്കിൽ രണ്ടുവർഷം അധികമായി (വെയ്റ്റേജ്) ലഭിക്കും. ആ രണ്ടുവർഷംകൂടി ചേരുന്നതാണ് മൊത്തം സേവന കാലാവധി.
ഇനിയെന്ത്
കേരള ഹൈകോടതിയുടെ പുതിയ ഉത്തരവനുസരിച്ച് 2017ലെ സർക്കാർ വിജ്ഞാപനപ്രകാരം ഉയർന്ന പെൻഷന് അപേക്ഷിക്കാം. പെൻഷൻ അപേക്ഷകരിൽ രണ്ടു വിഭാഗമുണ്ടാവും.
നിലവിൽ സർവിസിലുള്ളവർ: ഇവരുടെ പി.എഫ് അക്കൗണ്ടിൽ മാനേജ്മെൻറ് വിഹിതമായി അടക്കുന്ന ശമ്പളത്തിെൻറ 12 ശതമാനം തുക ജീവനക്കാരൻ വിരമിക്കുന്നതുവരെ അക്കൗണ്ടിൽ ഉണ്ടാകും. 6500 രൂപ ശമ്പളപരിധി നിശ്ചയിച്ചതിനാൽ അതിെൻറ 8.33 ശതമാനമേ പെൻഷൻ ഫണ്ടിലേക്ക് മാറ്റിയിരുന്നുള്ളു. ഇനി മുഴുവൻ ശമ്പളത്തിന് ആനുപാതികമായ പെൻഷൻ ലഭിക്കാൻ അതിെൻറ 8.33 ശതമാനം തികക്കാനുള്ള ബാക്കി തുകകൂടി പെൻഷൻ ഫണ്ടിലേക്ക് മാറ്റണം.
വിരമിച്ചവർ: വിരമിച്ചവർ സ്വാഭാവികമായും പ്രോവിഡൻറ് ഫണ്ട് തുക പിൻവലിച്ചിട്ടുണ്ടാകും. 1995 നവംബർ 16 മുതൽ വിരമിച്ച തീയതി വരെയുള്ള കാലത്തെ അവരുടെ മൊത്തം ശമ്പളത്തിെൻറ 8.33 ശതമാനം തുക പലിശസഹിതം പെൻഷൻ ഫണ്ടിലേക്ക് ഇവർ തിരിച്ചടക്കണം. അതിനു മുമ്പായി ജീവനക്കാരനും മാനേജ്മെൻറും സംയുക്ത അപേക്ഷ നൽകണം. ഇത് ഹൈകോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, കേരള-ഹിമാചൽപ്രദേശ് ഹൈകോടതികൾ, സുപ്രീംകോടതി ഉത്തരവ് എന്നിവ പ്രകാരം കേസിന് പോയവരുടെ കാര്യത്തിൽ മാത്രമാണ് പി.എഫ് ഒാർഗനൈസേഷൻ അനുകൂല നടപടികൾ തുടരൂ. ബാക്കിയുള്ളവർ സ്വന്തം നിലക്ക് കേസിൽ കക്ഷിചേർന്ന് ആനുകൂല്യം നേടണം.
സംഭവിക്കാനിരിക്കുന്നത്
കേരള ഹൈകോടതിയുടെ സുപ്രധാന വിധിക്ക് ആധാരമായ ഹരജികൾ മറ്റു സംസ്ഥാനങ്ങളിലുമുണ്ട്. ഇതിൽ തീർപ്പാകുന്നത് വരെ ഇ.പി.എഫ്.ഒ കാത്തിരുന്നേക്കാം.
കോടതിയിൽ കക്ഷിചേർന്നവർക്ക് ഇതുവരെ നൽകിയതനുസരിച്ച് ഉയർന്ന പെൻഷൻ നൽകാം (ഒരിക്കൽ നൽകിയതുകൊണ്ട് ഇനി നൽകാതിരിക്കാൻ കഴിയില്ല). അതനുസരിച്ച് പുതിയ ഉത്തരവിറങ്ങണം.
ഉയർന്ന പെൻഷൻ നൽകാതിരിക്കാൻ ഇ.പി.എഫ്.ഒ കോടതിയെ സമീപിച്ചേക്കാം.
2016ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ തൊഴിലാളികൾക്കും ഉയർന്ന പെൻഷൻ നടപ്പാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം ഇറക്കുക.
കേരള ഹൈകോടതി വിധി എല്ലാവർക്കും ബാധകമാക്കണമെന്നാവശ്യപ്പെടുന്ന പുതിയ ഹരജി സമർപ്പിക്കപ്പെടുകയോ അതിൽ കൂടുതൽ തൊഴിലാളികൾ കക്ഷി ചേരുകയോ ചെയ്താൽ അവർക്കും ആനുകൂല്യം കിട്ടും.
വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൽ ഖാദർ വി.പി
(കേരള സ്റ്റേറ്റ് മിൽമ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ്. ഉയർന്ന പി.എഫ് പെൻഷന് അനുകൂലമായ ഹൈകോടതി വിധിയും സുപ്രീംകോടതി വിധിയും നേടിയെടുക്കുന്നതിന് നേതൃത്വം നൽകി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.