ബംഗളൂരു: ബിറ്റ് കോയിൻ വാങ്ങാനും വിൽക്കാനും കഴിയുന്ന എ.ടി.എം കിയോസ്ക് സ്ഥാപിച്ച കമ്പനിയുടെ സഹസ്ഥാപകനെ കേന്ദ്ര ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. ബംഗളൂരുവിലെ ഒാൾഡ് എയർപോർട്ട് റോഡിലെ മുരുകേഷ് പാളയയിലെ കെംപ് ഫോർട്ട് മാളിൽ സ്ഥാപിച്ച ബിറ്റ് കോയിൻ എ.ടി.എമ്മും ക്രൈംബ്രാഞ്ച് അധികൃതർ പിടിച്ചെടുത്തു. ക്രിപ്റ്റോ കറൻസി എന്നറിയപ്പെടുന്ന ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ നാണയങ്ങളുടെ ഇടപാട് നടത്താനാകുന്ന ഇന്ത്യയിലെ ആദ്യത്തെ എ.ടി.എമ്മാണ് കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ തുറന്നത്. ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ യുനോ കോയിെൻറ സഹ സ്ഥാപകനായ ബംഗളൂരു രാജാജിനഗറിൽ താമസിക്കുന്ന ബി.എൻ. ഹരീഷ് എന്ന വിജയകുമാർ (37) ആണ് അറസ്റ്റിലായത്. തുമകുരു സ്വദേശിയായ ഹരീഷ് യുനോ കോയിെൻറ സഹസ്ഥാപകനും ചീഫ് ഫിനാഷ്യൽ ഒാഫിസറുമാണ്.
ആർ.ബി.ഐ അധികൃതരുമായി സംസാരിച്ചശേഷമാണ് സ്ഥാപനമുടമയെ അറസ്റ്റ് ചെയ്തതെന്ന് അഡീഷനൽ പൊലീസ് കമീഷണർ (ക്രൈം) അലോക് കുമാർ പറഞ്ഞു. ട്രേഡ് ലൈസൻസോ പ്രാദേശിക ഭരണകൂടത്തിെൻറയോ ആർ.ബി.ഐയുടെയോ അനുമതിയുമില്ലാതെയാണ് എ.ടി.എം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
നികുതി വെട്ടിപ്പിനുള്ള പുതുവഴിയായി വ്യാപകമായി ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്ന സാഹചര്യത്തിൻ അത് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് കർശന നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ക്രിപ്റ്റോ കറൻസി ഇടപാട് നടത്താനാകുന്ന എ.ടി.എം സ്ഥാപിച്ചത്. കെ.വൈ.സി വിവരങ്ങളും മൊബൈൽ നമ്പറും നൽകിയാൽ ക്രിപ്റ്റോ കറൻസി എ.ടി.എമ്മിലൂടെ യുനോ കോയിൻ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്ന തരത്തിലായിരുന്നു പ്രവർത്തനം.
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾക്ക് നിയമസാധുതയില്ല. വരുന്ന ആഴ്ചകളിൽ ഡൽഹിയിലും മുംബൈയിലും ഇതേ രീതിയിലുള്ള എ.ടി.എം സ്ഥാപിക്കാൻ യൂനോ കോയിൻ ഒരുങ്ങുന്നതിനിടെയാണ് ബംഗളൂരുവിലെ എ.ടി.എം പൊലീസ് സീൽ ചെയ്തത്. അതേസമയം, എ.ടി.എം പരീക്ഷണഘട്ടത്തിലായിരുന്നുവെന്നും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.