തൃശൂർ: കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ചെറുകിട കർഷകരുടെ ആശ്രയമായിരുന്ന നാല് ശതമാനം പലിശക്കുള്ള ഹ്രസ്വകാല സ്വർണ പണയ വായ്പ പലിശ ഇളവ് പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചു.
ഇനി കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) അക്കൗണ്ടുള്ളവർക്ക് മാത്രമെ ഇളവ് ലഭിക്കൂ. കെ.സി.സി നിബന്ധന പാലിച്ചാൽ ഭൂരിഭാഗം ചെറുകിട കർഷകരും പദ്ധതിക്ക് പുറത്താകുമെന്നിരിക്കെ സ്വർണം പണയം വെച്ച് കാർഷിക വായ്പയെടുക്കുന്നവർ ഒമ്പത് ശതമാനം പലിശ നൽകേണ്ടി വരും. കേരളത്തിലെ പതിനായിരക്കണക്കിന് കർഷകർക്ക് ഇത് തിരിച്ചടിയാവും.
പലിശ ഇളവ് കെ.സി.സി ഉള്ളവർക്ക് മാത്രമാക്കണമെന്ന് നിഷ്കർഷിച്ച് കേന്ദ്ര ധന മന്ത്രാലയത്തിലെ ധനകാര്യ സേവന വിഭാഗം ഷെഡ്യൂൾഡ്, ഗ്രാമീണ, സഹകരണ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഈ മാസം 24ന് ശാഖകൾക്കും ഓഫിസുകൾക്കും അയച്ച ഉത്തരവിലാണ് എസ്.ബി.ഐ പദ്ധതി പിൻവലിക്കുന്നതായി അറിയിച്ചത്.
ബാങ്കിെൻറ കോർ ബാങ്കിങ് സൊല്യൂഷൻ (സി.ബി.എസ്) മൊഡ്യൂളിൽനിന്ന് പദ്ധതി ഒഴിവാക്കിയിട്ടുമുണ്ട്.കനറാ ബാങ്കിന് പിന്നാലെയാണ് എസ്.ബി.ഐയും പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചത്. അതേസമയം, ഒമ്പത് ശതമാനം പലിശ ഈടാക്കിയുള്ള സ്വർണ പണയ വായ്പ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് എസ്.ബി.ഐ ഇ-സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
സ്വർണ പണയ കാർഷിക വായ്പ പലിശ ഇളവ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചാണ് കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നത്. പലിശ ഇളവിലൂടെയും കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് നൽകുന്ന ആനുകൂല്യത്തിലൂടെയും ബാങ്കുകൾക്ക് വരുന്ന നഷ്ടം അതത് വർഷം കേന്ദ്ര സർക്കാർ നികത്തുന്നതാണ് നിലവിലെ രീതി. നാല് ശതമാനമെന്നത് ചെറിയ വർധന വരുത്തിയായാലും കർഷകരെ സഹായിക്കാൻ കേരളം അടക്കമുള്ള സംസ്ഥാന സർക്കാറുകൾ ഇടപെടുമോ എന്നതാണ് ഇനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.