തിരുവനന്തപുരം: നിലവിലെ നികുതികളേക്കാൾ കുറഞ്ഞനിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാൽ ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാകുേമ്പാൾ വിലക്കയറ്റത്തിന് സാധ്യതയില്ലെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്. നികുതിനിരക്ക് ഗണ്യമായി കുറയും. അതോടെ വിലകുറയാനാണ് സാഹചര്യം. വിലകുറക്കാൻ കേന്ദ്രം എടുക്കുന്ന നടപടികൾക്കനുസരിച്ചാകും ഇതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചരക്കുസേവന നികുതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ കൊള്ളലാഭം നേടുന്നത് തടയാൻ ജി.എസ്.ടിയിൽ വ്യവസ്ഥയുണ്ട്. കേരളത്തില്‍ നികുതിയിലുണ്ടാകുന്ന കുറവ് വ്യക്തമാക്കിക്കൊണ്ടുള്ള പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. സാധനങ്ങളുടെ വിവിധനികുതിയും ജി.എസ്.ടിയും വ്യക്തമാക്കുന്നതാകും ഇത്. കസ്റ്റംസ് തീരുവ, ആഡംബര നികുതി എന്നിവക്ക് പുറമെയാണ് നിലവിൽ വാറ്റ് വരുന്നത്. വാറ്റ് മാത്രമേ ബില്ലിൽ കാണൂ. ജി.എസ്.ടിയിൽ പുറത്തുകാണാത്ത ഈ നികുതികള്‍ ഇല്ലാതാകുകയും ഒറ്റനികുതി മാത്രമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഒട്ടുമിക്ക സാധനങ്ങള്‍ക്കും വിലക്കുറവുണ്ടാകും. ഒരു ലക്ഷം കോടി രൂപയുടെ നികുതികുറവുണ്ടാകുമെന്നാണ് ഏകദേശകണക്ക്. ഇതിെൻറ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമോ, അതോ കോർപറേറ്റുകള്‍ കൊണ്ടുപോകുമോ എന്നതിനെക്കുറിച്ചാണ് പ്രധാനമായും ചിന്തിക്കേണ്ടത്. ഇത്തരത്തില്‍ അമിതലാഭം കൊയ്യുന്ന കമ്പനികളെ വിളിച്ചുവരുത്തി അവരുടെ രജിസ്ട്രേഷന്‍പോലും റദ്ദാക്കാനുള്ള വ്യവസ്ഥ നിലവിലെ നിയമത്തിലുണ്ട്. ഇതിനായി അതോറിറ്റി വന്നു. നികുതി കുറയുമെന്ന് കണ്ട് പല വിതരണക്കാരും നിർമാണക്കാരും വിലയില്‍ 40 ശതമാനം വരെ മാര്‍ജിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജി.എസ്.ടി നിയമം തയാറാക്കുന്നതിൽ സംസ്ഥാനം ക്രിയാത്മകപങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിെൻറ നികുതി അവകാശം നഷ്ടപ്പെടുമെന്ന സ്ഥിതി ഉണ്ടായിരുന്നു. അനിവാര്യമെന്ന് കണ്ട് ഇത് അംഗീകരിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ജി.എസ്.ടിയിൽ ചേർക്കുന്നതിനെ കേരളം എതിർത്തു. ഒരുനികുതി നിരക്ക് എന്നതും അംഗീകരിച്ചില്ല. ആഡംബര വസ്തുക്കൾക്കും അരിക്കും ഒരേനികുതി പാടില്ലെന്നും നികുതി ഇല്ലാത്ത പട്ടിക വേണമെന്നും വാദിച്ചു. ഇത് അംഗീകരിച്ചു. ഏറ്റവുംകുറഞ്ഞ സ്ലാബ് ആറ് ശതമാനമായിരുന്നു ജി.എസ്.ടിയിൽ, അത് അഞ്ചാക്കി കുറച്ചു. ആഡംബര വസ്തുക്കളുടേത് 24ൽനിന്ന് 28 ശതമാനമാക്കി ഉയർത്തി. അവശ്യവസ്തുക്കളുടെ നികുതി കുറക്കാനായി. കയർ, കശുവണ്ടി തുടങ്ങി സംസ്ഥാനത്തിെൻറ താൽപര്യമുള്ള ഇനങ്ങൾക്ക് നികുതികുറച്ചു.
ദേശീയതലത്തിൽ ജി.എസ്.ടി നടപടികള്‍ പൂര്‍ത്തിയായി എന്ന് പറയാനാവില്ല. വ്യാപാരികളുടെ രജിസ്ട്രേഷന് നല്ലരീതിയിലാണ്. വാറ്റിലുണ്ടായിരുന്ന വ്യാപാരികളില്‍ 70 ശതമാനവും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഈമാസം 25 മുതല്‍ പുതിയ രജിസ്ട്രേഷന് വേണ്ടി പോര്‍ട്ടലുകള്‍ തുറന്നുകൊടുക്കും. ഡിജിറ്റല്‍ സിഗ്നേചര്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വ്യാപാരികളുടെ രജിസ്ട്രേഷന് നോക്കിയാല്‍ കേരളം രാജ്യത്ത് നാലാമതാണ്. നികുതി സമ്പ്രദായത്തിലെ മാറ്റത്തിെൻറ ഭാഗമായി ജൂലൈയിലെ റിട്ടേണുകള്‍ ആഗസ്റ്റ് 10 വരെ നല്‍കാം. ആഗസ്റ്റിലേത് സെപ്റ്റംബര്‍ 20നകം നല്കിയാല് മതിയാകും. റിട്ടേണ്‍ സോഫ്റ്റ്വെയര് സമ്പൂര്‍ണമായിട്ടില്ല, ചില പ്രശ്നങ്ങളുണ്ട്. അത് ഇതിനിടയില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.