ന്യൂഡൽഹി: ഒന്നാം മോദി സർക്കാറിൽ പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ച നിർമല സീതാരാമന് ഇക്കുറി ധനകാര്യമാണ് കിട്ടിയിരിക്കുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് ഒരു വനിതാ ധനകാര്യമന്ത്രി ഉണ്ടാവുന്നത്.റഫാൽ ഇടപാടിലുൾപ്പടെ സർക്കാറിനെ പ്രതിരോധിക്കാൻ അവർ മുൻപന്തിയിലുണ്ടായിരുന്നു. ഇതോടെ നിർണായക വകുപ്പ് തന്നെ മോദി നിർമലാ സീതാരാമന് നൽകുകയായിരുന്നു. എന്നാൽ, നിർമലക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
ജി.ഡി.പി സംബന്ധിച്ച കണക്കുകളാണ് ആദ്യ ദിനം തന്നെ നിർമലാ സീതാരാമനെ വരവേൽക്കുന്നത്. കഴിഞ്ഞ17 സാമ്പത്തിക പാദങ്ങൾക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് എത്തിയെന്നതിനെ അവഗണിച്ച് ധനമന്ത്രിക്ക് മുന്നോട്ട് പോകാനാവില്ല. കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും രാജ്യത്തെ ഉപഭോഗത്തിലുണ്ടായ ഇടിവുമാണ് പ്രതികൂലമായത്.
നിക്ഷേപം വർധിപ്പിച്ച് കൂടുതൽ തൊഴിലുകൾ ഉണ്ടാക്കിയാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ സാധിക്കുകയുള്ളു. അതിന് രണ്ടാം മോദി സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജൂലൈ അഞ്ചിന് രണ്ടാം മോദി സർക്കാർ അവതരിപ്പിക്കുന്ന ആദ്യ സമ്പൂർണ്ണ ബജറ്റിൽ ഇതിനുള്ള നിർദേശങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി പിരിവ് കാര്യക്ഷമമാക്കി ധനകമ്മി കുറക്കാനുള്ള നടപടികളുണ്ടായില്ലെങ്കിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കും. കർഷകർക്കും വ്യവസായികൾക്കുമായി മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ വൻ സാമ്പത്തിക ചെലവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.