ന്യൂഡൽഹി: സാധാരണക്കാരെ സാമ്പത്തിക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ തുടക്കംകുറിച്ച പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ)യുടെ പരിഷ്കരിച്ച പദ്ധതിയിൽ 20 ലക്ഷം പേർകൂടി ചേർന്നതായി ധനവകുപ്പ്. ഇതോടെ കേന്ദ്ര സർക്കാറിെൻറ സുപ്രധാന സാമ്പത്തിക പദ്ധതിക്കു കീഴിൽ ജൻധൻ അക്കൗണ്ട് ഉടമകളുടെ എണ്ണം 32.61 കോടിയായതായും ധനവകുപ്പ് രേഖകൾ പറയുന്നു.
കുറഞ്ഞ പരിധിയോ കൂടിയ പരിധിയോ ഇല്ലാതെയും, കൂടിയ ഇൻഷുറൻസ് കവറേജും ഇരട്ടിയാക്കിയ ഒാവർഡ്രാഫ്റ്റ് (ഒ.ഡി) സൗകര്യവും ഉൾപ്പെടുത്തിയുമാണ് ഇൗ മാസം ആദ്യം ജൻധൻ അക്കൗണ്ട് പദ്ധതി പരിഷ്കരിച്ചത്. എല്ലാ വീട്ടിലും ഒൗപചാരിക ബാങ്കിങ് സൗകര്യം എത്തിക്കുക എന്നതിൽനിന്ന് പ്രായപൂർത്തിയായ എല്ലാവർക്കും അക്കൗണ്ട്’ എന്ന് പുനർനിശ്ചയിച്ച ലക്ഷ്യവുമായി, നാലു വർഷം കാലാവധിക്കുശേഷവും പദ്ധതി തുടരാനാണ് കേന്ദ്രത്തിെൻറ തീരുമാനം.
കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ അഞ്ചു വരെ കാലയളവിലെ നിക്ഷേപത്തിൽ 1266.43 കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ ജൻധൻ പദ്ധതിയിൽ ആകെ നിക്ഷേപം 82,490.98 കോടിയായി.
ആഗസ്റ്റ് 28നുശേഷം ആരംഭിച്ച അക്കൗണ്ടുകളിലെ പുതിയ ‘റൂപെ’ (RuPay) കാർഡ് ഉടമകൾക്ക് അപകട ഇൻഷുറൻസ് കവറേജ് ഒരു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷം രൂപയായി ഉയർത്തി. ഒാവർഡ്രാഫ്റ്റ് പരിധി (അക്കൗണ്ട് ബാലൻസിനേക്കാൾ കൂടുതൽ കടമെടുക്കാനുള്ള സൗകര്യം) 5000 രൂപയിൽനിന്ന് 10,000ഉം ആക്കി. 2000 രൂപ വരെയുള്ള ഒ.ഡിക്ക് നിബന്ധനകളും ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.