ബെംഗളുരു: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൻെറ സ്ഥാപകനും സി.ഇ.ഒയുമായ ബിന്നി ബെൻസാലിെൻറ രാജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബിന്നിക്കെതിരെ ഉയർന്നത് ലൈംഗിക ആരോപണമായിരുന്നുവെന്ന് ഫ്ലിപ്കാർട് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബിന്നിയും ആരോപണമുന്നയിച്ച സ്ത്രീയും തമ്മിൽ പരസ്പര സമ്മതത്തോടുകൂടിയുള്ള ബന്ധമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.
ഇൗ വർഷം ജൂലൈ അവസാനമായിരുന്നു ബിന്നിക്കെതിരായ ആരോപണം ഉയർന്നത്. സംഭവത്തെ കുറിച്ച് അറിവുള്ള ഒരു സഹപ്രവർത്തകൻ പറഞ്ഞതനുസരിച്ച് ഫ്ലിപ്കാർട്ടിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു സ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം സമാന സംഭവത്തെ കുറിച്ച് മറ്റൊരു സ്ത്രീ പറഞ്ഞത് പ്രകാരം സ്ത്രീ ഫ്ലിപ്കാർട്ടിൽ ഇതുവരെ ജോലി ചെയ്തിട്ടില്ല എന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
അതേസമയം ബിന്നിക്കെതിരായ ആരോപണം അന്വേഷിക്കുന്ന സംഘത്തിന് സ്ത്രീയുടെ വാദങ്ങൾ സത്യമാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തോട് ബിന്നി എന്താണ് പ്രതികരിച്ചത് എന്നതിനെ കുറിച്ചുള്ള വ്യക്തത കുറവാണ് അന്വേഷണത്തെ പ്രധാനമായും ബാധിക്കുന്നതെന്ന് വാൾമാർട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.
ആരോപണത്തെ കുറിച്ച് വ്യക്തമായി പ്രതികരിച്ചില്ലെങ്കിലും കമ്പനിയുടെ ബോർഡംഗമായി തുടരുമെന്ന് ബിന്നി അറിയിച്ചു.
ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ബിന്നി ബെൻസാൽ രാജി വെക്കുകയായിരുന്നു. ഗുരുതരമായ പെരുമാറ്റ ദൂഷ്യം എന്നാണ് ബെന്‍സാലിനെതിരായ ആരോപണത്തെ തുടക്കത്തിൽ വിശേഷിപ്പിച്ചിരിന്നത്. കമ്പനിയുടെ സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തിയാണ് നിലവിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.