തിരുവനന്തപുരം: കോവളം കൊട്ടാരം ഹോട്ടലുടമ രവി പിള്ളക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അറ്റോണി ജനറൽ മുകുൾ റോഹതഗി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. കോടതിയലക്ഷ്യമൊഴിവാക്കാൻ കൊട്ടാരം ഹോട്ടലുടമക്ക് തിരികെ നൽകണമെന്നാണ് സർക്കാറിനെ അറിയിച്ചത്. പൊതു ഉടമസ്ഥതയിൽ നിലനിർത്താൻ മുൻസിഫ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യണമെന്ന അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിെൻറ ഉപദേശം നിയമപരമായി നിലനിൽക്കില്ലെന്നും സൂചിപ്പിച്ചു.
കൂടുതൽ നിയമനടപടികൾക്ക് സാഹചര്യമില്ലാത്തതിനാൽ കൊട്ടാരം ഹോട്ടലുടമക്ക് വിട്ടുകൊടുക്കണമെന്ന നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിെൻറ ശിപാർശ അറ്റോണി ജനറൽ ശരിവെക്കുകയായിരുന്നു. കൊട്ടാരവും ഭൂമിയും തിരിച്ചെടുക്കാനാവില്ലെന്ന നിയമ സെക്രട്ടറിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കാനാണ് സർക്കാർ ആലോചന. ഐ.ടി.ഡി.സിയുടെ കൈവശമായിരുന്ന കൊട്ടാരവും ഭൂമിയും 2002ലാണ് കേന്ദ്രസർക്കാർ വിൽപനക്ക് െവച്ചത്. 43.68 കോടിക്ക് ഗൾഫാർ ഗ്രൂപ്പാണ് വാങ്ങിയത്. തുടർന്ന് ലീലാ ഗ്രൂപ്പിന് വിറ്റു. എന്നാൽ, 2004 സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ കൊട്ടാരവും ഭൂമിയും തിരിച്ചുപിടിച്ചു. തുടർന്ന് കൊട്ടാരം ഏറ്റെടുത്തതിന് നിയമപരിരക്ഷ നൽകാൻ സർക്കാർ 2005ൽ നിയമം കൊണ്ടുവരുകയും ചെയ്തു. ഭരണപരമായ ഉത്തരവിലൂടെ കൊട്ടാരം തിരിച്ചുപിടിക്കാനാവില്ലെന്ന് 2005 ഏപ്രിലിൽ ഹൈകോടതി വിധിച്ചു. കൊട്ടാരം ഏറ്റെടുത്ത സർക്കാർ നടപടി തെറ്റാണെന്ന് സുപ്രീംകോടതിയും വിധിച്ചിരുന്നു. കൊട്ടാരം വിട്ടുനൽകാനുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കുകയാണ് വേണ്ടത്.
അതേസമയം, കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് വിട്ടുനൽകുന്നതിനെ റവന്യൂവകുപ്പ് ശക്തമായി എതിർക്കുകയാണ്. എ.സി. മൊയ്തീൻ ടൂറിസം മന്ത്രിയായിരിക്കെ കോവളം കൊട്ടാരം വിഷയം മന്ത്രിസഭയുടെ പരിഗണനക്കെത്തിയെങ്കിലും റവന്യൂമന്ത്രി എതിർത്തു. തുടർന്നാണ് അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം തേടിയത്. നിലവിെല വസ്തുതർക്കം നിയമനിർമാണത്തിലൂടെ മറികടക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് ഹൈകോടതി വിലയിരുത്തിയത്. വസ്തുതർക്കം എന്ന് ഹൈകോടതി വിലയിരുത്തിയ സാഹചര്യത്തിലാണ് സിവിൽ കേസ് ഫയൽ ചെയ്യാൻ അഡ്വക്കറ്റ് ജനറൽ സർക്കാറിന് നിയമോപദേശം നൽകിയത്. ഇത് പറ്റില്ലെന്നാണ് അറ്റോണി ജനറലിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.