ഡയമണ്ട് സിറ്റി എന്ന വിളിപേരുള്ള സൂറത്ത് ഇന്ത്യയിലെ വജ്ര വ്യവസായത്തിൻെറ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. വജ ്രം മുറിക്കുന്നതിനും പോളീഷ് ചെയ്യുന്നതിനുമുള്ള പ്രധാന കേന്ദ്രവും ഇതു തന്നെ. ഏകദേശം ഒന്നര ദശലക്ഷം ആളുകൾ സൂറ ത്തിലെ വജ്ര വ്യവസായത്തിൽ തൊഴിൽ ചെയ്തിരുന്നുവെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇപ്പോൾ സൂറത്തിന് പഴയ വജ്ര തിളക്കമില്ല. ഇന്ത്യയെ പിടച്ചുലച്ച സാമ്പത്തിക മാന്ദ്യം സൂറത്തിനെയും ബാധിച്ചിരിക്കുന്നു. വജ്ര വ്യവസായ മേഖലയിൽ ഏകദേശം 20,000 പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. തൊഴിൽ നഷ്ടം മൂലം കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്. ഇക്കുറി ദീപാവലിക്ക് ബോണസ് പോലും ഇല്ലാത്ത സ്ഥിതിയിലാണ് നഗരത്തിലെ വജ്രമേഖലയിൽ പണിയെടുക്കുന്നവർ.
വരുമാനം 40,000ത്തിൽ നിന്ന് 10,000ലേക്ക്...
പ്രതിമാസം 40,000 രൂപ വരെ സൂറത്തിലെ വജ്രം പോളീഷ് ചെയ്യുന്നവർക്ക് വരുമാനം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതിൽ വലിയ ഇടിവുണ്ടാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലർക്കും 8,000 മുതൽ 10,000 രൂപ വരെയാണ് നിലവിൽ ലഭിക്കുന്നത്. ഇതിന് പുറമേ പലർക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യവും ഉണ്ട്. പഴയ പോലെ കച്ചവടം നടക്കാതായതോടെ വ്യാപാര സ്ഥാപനങ്ങൾ ആളുകളെ പിരിച്ച് വിടാനും തുടങ്ങി. ഇത്തരത്തിൽ തൊഴിൽ നഷ്ടമായ ജിതേന്ദ്ര പവാസിയ കുടുംബം പുലർത്താൻ ഇപ്പോൾ ചായ കച്ചവടം ചെയ്യുകയാണ്. മുമ്പ് ലഭിച്ചിരുന്ന വരുമാനവുമായി താരതമ്യം ചെയ്യുേമ്പാൾ ചായ കച്ചവടം നഷ്ടമാണ്. എങ്കിലും കുടുംബത്തിലെ ദൈനംദിന ചെലവുകൾ നടത്താൻ തനിക്കിതല്ലാതെ വെറെ വഴിയില്ലെന്ന് പവാസിയ പറയുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പുതിയ മുഖമാണ് പവാസിയയെ പോലുള്ളവരിലൂടെ തെളിയുന്നത്.
വ്യാപര യുദ്ധവും ജി.എസ്.ടിയും തിരിച്ചടിയായി
ചൈന-യു.എസ് വ്യാപാര യുദ്ധവും ജി.എസ്.ടിയുമാണ് വജ്ര വ്യവസായ മേഖലയുടെ തകർച്ചക്കുള്ള കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. സൂറത്തിൽ നിർമ്മിക്കുന്ന വജ്രത്തിൻെറ 95 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. വജ്രത്തിൻെറ പ്രധാന വിപണി ചൈനയാണ്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വജ്രം മൂല്യവർധിത ഉൽപന്നങ്ങളാക്കി ചൈന മറ്റ് രാജ്യങ്ങളിൽ വിൽക്കുകയാണ് ചെയ്യുന്നത്. വ്യാപാര യുദ്ധം തുടങ്ങിയതോടെ ചൈനയിലേക്കുള്ള വജ്ര കയറ്റുമതിയിൽ വൻ ഇടിവുണ്ടായി. ഇത് മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കിയതായി പറയുന്നു.
ഇതിന് പുറമേ വജ്ര വ്യാപാരികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത് ജി.എസ്.ടിയാണ്. വജ്ര നിർമാണത്തിൽ തൊഴിലിന് 5 ശതമാനമാണ്വ്യാപാരികൾ ജി.എസ്.ടി നൽകുന്നത്. ഇതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നുമില്ല. ഈ രീതിയിൽ ഏകദേശം 150 മുതൽ 200 കോടി രൂപ വരെ വജ്ര വ്യാപാരികൾ സർക്കാർ ഖജനാവിന് നൽകുന്നുണ്ട്. തൊഴിലിന് നൽകുന്ന ജി.എസ്.ടിയിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് വജ്ര വ്യാപാരികൾ ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇനിയും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.