ന്യൂഡൽഹി: ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ രണ്ടാം മോദി സർക്കാറിൻെറ ആദ്യ ബജറ്റ്. പെട്രോളിനും ഡീസലിന ും ഒരു രൂപ അധിക സെസ് ഏർപ്പെടുത്താനും സ്വർണ്ണവും രത്നവും പോലുള്ള ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനത്ത ിൽ നിന്ന് 12.5 ശതമാനമാക്കി വർധിപ്പിക്കാനും ബജറ്റിൽ നിർദേശം. അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നൽകിയ ിരുന്ന ആദായ നികുതിയിലെ ഇളവ് തുടരും. മുൻ ധനകാര്യ മന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലും ഈ നിർദേ ശം ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് അതിവേഗം ആധാർ കാർഡ് നൽകും.
ഭവനവായ്പകൾക്ക് ബജറ്റിൽ ആനുകൂല്യം പ്രഖ്യാപിച്ചു. 45 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളിൽ 3.5 ലക്ഷം രൂപ വരെ നികുതിയിളവ്. 2021 മാർച്ച് 31 വരെയുള്ള വായ്പകൾക്കാണ് ഇളവ് ലഭ്യമാവുക. ആദായ നികുതിക്ക് ഇനി മുതൽ പാൻകാർഡ് നിർബന്ധമില്ല. ആധാർ കാർഡ് ഉപയോഗിച്ചും നികുതി റിട്ടേൺ സമർപ്പിക്കാം. ആദായ നികുതി വകുപ്പിൻെറ സമഗ്രമായ പരിഷ്കരണവും ബജറ്റ് ലക്ഷ്യംവെക്കുന്നു.
പുതിയ നികുതി നിർദേശങ്ങളൊന്നും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. എന്നാൽ, പ്രതിവർഷം രണ്ട് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് രണ്ട് ശതമാനം സർചാർജ് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വരുമാനം അഞ്ച് കോടിക്ക് മുകളിലാണെങ്കിൽ 3 ശതമാനമായിരിക്കും സർചാർജ്. പ്രതിവർഷം ഒരു കോടിയിൽ കൂടുതൽ പിൻവലിച്ചാൽ ടി.ഡി.എസായി രണ്ട് ശതമാനം നികുതി നൽകണം.
തകർന്ന സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യമാണ് രണ്ടാം മോദി സർക്കാർ മുന്നോട്ട് വെക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ചെറുകിട വ്യവസായികൾക്ക് ഒരു കോടി രൂപ വരെ അതിവേഗ വായ്പ നൽകും. ഇതിന് പുറമേ ചെറുകിട വ്യവസായങ്ങൾക്ക് ഇളവുകളും പ്രഖ്യാപിച്ചു.
ഗ്രാമീണ മേഖലയാണ് ബജറ്റിൽ ഊന്നൽ നൽകുന്ന മറ്റൊരു പ്രധാന മേഖല. എല്ലാവർക്കും വീട്, വൈദ്യുതി, പാചകവാതകം, കുടിവെള്ളം എന്നിവ ഉറപ്പാക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ വ്യവസായങ്ങളുടെ ശാക്തീകരണവും ബജറ്റ് ലക്ഷ്യം വെക്കുന്നു.
അടിസ്ഥാന സൗകര്യ വികസന മേഖലക്കും നിർമലാ സീതാരാമൻെറ ബജറ്റ് പ്രാധാന്യം നൽകുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി അടിസ്ഥാന സൗകര്യ മേഖലക്കായി ചെലവഴിക്കുമെന്നാണ് പ്രഖ്യാപനം. പുതിയ റോഡുകൾ, നിലവിലുള്ളവയുടെ പുനരുദ്ധാരണം തുടങ്ങിയവയെല്ലാം ബജറ്റിൻെറ പ്രധാന ലക്ഷ്യങ്ങളാണ്. വൺ നേഷൻ വൺ ഗ്രിഡ് എന്ന പദ്ധതിയിലൂടെ സംസ്ഥാനങ്ങൾക്കുള്ള വൈദ്യുതി ലഭ്യത ഉറപ്പു വരുത്തും. പുതിയ വിദ്യാഭ്യാസ നയവും ഗവേഷണ വിദ്യാർഥികൾക്കായുള്ള സ്ഥാപനവും വിദ്യാഭ്യാസ മേഖലക്കായുള്ള കരുതലുകളാണ്.
ബാങ്കുകൾക്ക് മൂലധനമായി 70000 കോടി കൂടി നൽകുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. എയർ ഇന്ത്യയടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപന തുടരും. ഇതിലൂടെ ഏകദേശം ഒരു ലക്ഷം കോടി രൂപ വെര സമാഹരിക്കുകയാണ് ലക്ഷ്യം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകി വരുന്ന ധനസഹായം തുടരുമെന്നും നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.