സാമ്പത്തിക രംഗത്ത് വലിയ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോകുന്നത്. എകീകൃത നികുതിയായ ജി.എസ്.ടി നടപ്പാക്കിയതായിരുന്നു പ്രധാനസംഭവം. ഇതിനൊപ്പം വളർച്ച മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതും ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി സൃഷ്ടിച്ചതും കഴിഞ്ഞ വർഷത്തെ പ്രത്യേകതകളാണ്. നോട്ട് പിൻവലിക്കലിെൻറ ആഘാതമായിരുന്നു 2017ൽ ആദ്യം സമ്പദ്വ്യവസ്ഥയെ പിന്തുടർന്നത്. എന്നാൽ വർഷാവസാനത്തിൽ ജി.എസ്.ടി ഉൾപ്പടെ ഇന്ത്യൻ സാമ്പത്തിക മേഖലക്ക് മറികടക്കാനുള്ള വെല്ലുവിളികൾ ഏറെയാണ്.
മുന്നൊരുക്കമില്ലാതെ ജി.എസ്.ടി
2017 ജൂലൈ ഒന്നിനാണ് എകീകൃത നികുതിയായ ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്നത്. വിവിധ കേന്ദ്ര-സംസ്ഥാന നികുതികളെ എകീകരിച്ചാണ് ജി.എസ്.ടി നടപ്പാക്കിയത്. ആവശ്യമായ മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായി. ചെറുകിട വ്യാപാരികളെ പ്രശ്നം രൂക്ഷമായി ബാധിച്ചു. പല സംസ്ഥാനങ്ങളിലും പുതിയ നികുതിക്കെതിരെ പ്രതിഷേധമുയർന്നു. ജി.എസ്.ടി റിേട്ടൺ നൽകേണ്ട സൈറ്റ് പലപ്പോഴും പണിമുടക്കിയത് വൻ പ്രതിസന്ധി സൃഷ്ടിച്ചു. ഇ^-വേബിൽ, അമിത ലാഭം തടയുന്നതിനുള്ള സമിതി എന്നിവ പൂർണമായും പ്രവർത്തന സജ്ജമാക്കാതെയാണ് നികുതി സമ്പ്രദായം കേന്ദ്രസർക്കാർ നടപ്പാക്കിയത്. ഇതും പരിഷ്കാരത്തിനെതിരെ പ്രതിഷേധം ഉയരുന്നതിന് കാരണമായി. ജി.എസ്.ടിയിലെ ചില ഉൽപന്നങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്തി പ്രശ്നം പരിഹരിക്കാർ സർക്കാർ ശ്രമിച്ചുവെങ്കിലും വർഷാവസാനത്തിലും ജി.എസ്.ടി സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാനായിട്ടില്ല.
കിട്ടാക്കടത്തിൽ ഗതിമുട്ടി ബാങ്കുകൾ
ബാങ്കുകളുടെ കിട്ടാക്കടം 2017ലും മാറ്റമില്ലാതെ തുടർന്നു. കോർപ്പറേറ്റുകൾ തിരിച്ചടക്കാനുള്ള പണമാണ് ഇക്കൊല്ലവും ബാങ്കുകൾക്ക് പ്രതിസന്ധിയായത്. കിട്ടാക്കടം പെരുകിയതോടെ നിലനിൽപ്പിനായി പാടുപെടുന്ന ബാങ്കുകളെ സഹായിക്കാൻ റിസർവ് ബാങ്കും കേന്ദ്രസർക്കാറും മുന്നിട്ടിറങ്ങി. രണ്ട് ലക്ഷം കോടി രൂപ ബാങ്കുകളുടെ മൂലധനത്തിനായി സ്വരുപിക്കാനാണ് സർക്കാർ ലക്ഷ്യം. ബോണ്ടുകൾ പുറത്തിറക്കിയും ഒാഹരി വിൽപനയിലുടെയുമാണ് തുക സമാഹരിക്കുക. എങ്കിലും കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള ത്വരിത നടപടികൾ പലപ്പോഴും ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നത് യാഥാർഥ്യമാണ്.
പല പൊതുമേഖല ബാങ്കുകളും ഇപ്പോഴും റെഡ് സോണിലാണ് നിൽക്കുന്നതെന്നത് വരും വർഷത്തിലും കേന്ദ്രസർക്കാറിന് തലവേദനയാവും. കോർപറേറ്റുകൾക്ക് വായ്പ നൽകി വൻ അഴിമതിയാണ് യു.പി.എ നടത്തിയതെന്ന് പറഞ്ഞ് കിട്ടാക്കടത്തിെൻറ പാപഭാരം കോൺഗ്രസിെൻറ തലയിൽ ചുമത്തി രക്ഷപ്പെടാനാണ് ബി.ജെ.പിയുടെ നീക്കം. എന്നാൽ, ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
തളരുന്ന വളർച്ച
ഏപ്രിൽ-ജൂൺ മാസത്തിലെ സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ രാജ്യത്തിെൻറ വളർച്ച നിരക്ക് കുറഞ്ഞത് 2017ലെ പ്രധാനസംഭവങ്ങളിലൊന്നാണ്. 5.7 ശതമാനമായിരുന്നു ഒന്നാംപാദത്തിലെ സാമ്പത്തിക വളർച്ച നിരക്ക്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. നോട്ട് പിൻവലിക്കലും ജി.എസ്.ടിയുമാണ് സാമ്പത്തിക വളർച്ച കുറയുന്നതിന് ഇടയാക്കിയത്.
വ്യവസായികളേ ഇതിലേ...
ലോകബാങ്കിെൻറ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നൂറാം സ്ഥാനത്തേക്ക് കുതിച്ചുയർന്നതാണ് പോയ വർഷത്തെ സാമ്പത്തിക മേഖലയിലെ നേട്ടങ്ങളിലൊന്ന്. ജി.എസ്.ടി ഉൾപ്പടെയുള്ളവക്കെതിരെ വിമർശനങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ലഭിച്ച ലോകബാങ്ക് അംഗീകാരം മോദി സർക്കാർ പ്രചരണായുധമാക്കി. സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ മുൻ നിർത്തിയായിരുന്നു ലോകബാങ്ക് റാങ്കിങ്. എന്നാൽ, നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള പരിഷ്കാരങ്ങൾ പരിഗണിച്ചാണ് ഇന്ത്യക്ക് റാങ്ക് നൽകിയതെന്നും ഇതിൽ കാര്യമില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിെൻറ ആരോപണം.
റെക്കോർഡ് ഭേദിച്ച് ബിറ്റ്കോയിൻ
ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനിെൻറ മൂല്യം കുതിച്ചുയരുന്നതിനും 2017 സാക്ഷിയായി. ഒരു ബിറ്റ്കോയിനിെൻറ മൂല്യം 11 ലക്ഷം വരെ ഉയർന്നു. ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളും ബിറ്റ്കോയിനെ അംഗീകരിച്ചിട്ടില്ലെങ്കിലും റോക്കറ്റ് വേഗത്തിൽ മൂല്യം കുതിച്ചുയരുകയായിരുന്നു. ആർ.ബി.െഎ ഉൾപ്പടെയുള്ളവർ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് നിരവധി പേരാണ് നിലവിൽ ബിറ്റ്കോയിനിൽ നിക്ഷേപം നടത്തുന്നത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും ബിറ്റ്കോയിൻ പോലുള്ള നിക്ഷേപ മാർഗങ്ങൾ തേടാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. വർഷാന്ത്യത്തിൽ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും ബിറ്റ്കോയിനിെൻറ പ്രിയം കുറയുന്നില്ല.
കുതിച്ചുയർന്ന് ഒാഹരി വിപണി
ഇന്ത്യൻ ഒാഹരി സൂചികകൾ നേട്ടം രേഖപ്പെടുത്തിയ വർഷമാണ് കടന്നു പോവുന്നത്. 2017െൻറ ആരംഭത്തിൽ 7000 പോയിൻറിലായിരുന്നു ദേശീയ സൂചിക നിഫ്റ്റി വ്യാപാരം നടത്തിയിരുന്നത്. എന്നാൽ ഡിസംബറിലെത്തുേമ്പാൾ നിഫ്റ്റി 10000 പോയിൻറ് ഭേദിച്ച് കഴിഞ്ഞു. സെൻസെക്സിെൻറ സ്ഥിതിയും വ്യത്യസ്തമല്ല. 25,00ത്തിൽ നിന്ന് 33,000ത്തിലേക്കായിരുന്നു സെൻസെക്സിെൻറ ജൈത്രയാത്ര. നോട്ട് നിരോധനം കഴിഞ്ഞ വർഷം വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോൾ ഇൗ വർഷം അത്രത്തോളം നഷ്ടമുണ്ടായില്ല. ജി.എസ്.ടിയും വിപണിയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. പല തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വിജയവും ഒാഹരി വിപണിയിൽ നേട്ടമുണ്ടാകാൻ കാരണമായി.
വിനോദ വ്യവസായം ഡിസ്നി നയിക്കും
മാധ്യമലോകത്തെ ഏറ്റവും വലിയ വിൽപനകളിലൊന്നിനും 2017 സാക്ഷിയായി. റുപർട്ട് മർഡോക്കിെൻറ ഉടമസ്ഥതയിലുള്ള ട്വൻറി ഫസ്റ്റ് സെഞ്ച്വറി ഫോക്സിെൻറ 5240 കോടി ഡോളർ മുല്യമുള്ള ഒാഹരികൾ വാങ്ങാൻ വാൾട്ട് ഡിസ്നി തീരുമാനിച്ചതാണ് വിനോദ വ്യവസായ മേഖലയിലെ പ്രധാന സംഭവം. ലൈവ് വാർത്തകളും കായിക മൽസരങ്ങളും തുറക്കുന്ന പുതിയ വാണിജ്യസാധ്യതകളിൽ ശ്രദ്ധകേന്ദ്രീകരിനാണ് ഫോക്സ് ഇൗ നിർണയാക നീക്കം നടത്തിയത്. എ.ബി.സി ടെലിവിഷൻ നെറ്റ്വർക്കും ഇ.എസ്.പി.എന്നും കൂടാതെ ഹോളിവുഡിലെ സ്റ്റുഡിയോകളും ഇപ്പോൾ തന്നെ ഡിസ്നിയുടെ കൈപിടിയിലുണ്ട്. ഫോക്സിെൻറ സാമ്രാജ്യം കൂടി കൈയിൽ വരുന്നതോടെ വിനോദവ്യവസായത്തിലെ രാജാക്കാൻമാരാവാമെന്നാണ് ഡിസ്നിയുടെ കണക്കുകൂട്ടൽ.
ബാങ്കുകളെ നിക്ഷേപകർ രക്ഷിക്കണം
എഫ്.ആർ.ഡി.െഎ (ഫിനാൻഷ്യൽ െറസൊല്യൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ്) ബിൽ ബാങ്ക് നിക്ഷേപകരിൽ വർഷാവസാനത്തിൽ ആശങ്കകൾ സൃഷ്ടിക്കുകയാണ്. കെടുകാര്യസ്ഥതയും കടക്കെണിയും മൂലം പ്രതിസന്ധിയിലാവുന്ന ബാങ്കുകളെ രക്ഷിക്കാനായി നിക്ഷേപകരുടെ പണമെടുക്കുമെന്നതാണ് ബിൽ സൃഷ്ടിക്കുന്ന പ്രധാന ആശങ്ക. ബില്ലിലെ ബെയ്ൽ ഇൻ വ്യവസ്ഥക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും നിഷേധിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ആശങ്കകൾ ബാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.