മുംബൈ: അദാനി എന്‍റർപ്രൈസസിന്‍റെ വായ്പ തിരിച്ചടക്കാനായി മൂന്ന് കമ്പനികളുടെ ഓഹരികൾ പണയം വെച്ച് എസ്.ബി.ഐ വഴി വീണ്ടും വായ്പയെടുത്ത് അദാനി. അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി എന്നീ കമ്പനികളുടെ ഓഹരികളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹോദര സ്ഥാപനമായ എസ്.ബി.ഐ ക്യാപ് ട്രസ്റ്റീസിൽ ഈടായി നൽകിയത്. വെള്ളിയാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനാണ് എസ്.ബി.ഐ ക്യാപ് ട്രസ്റ്റീസ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിലെ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. ഏറ്റവും കൂടുതൽ ഇടിവ് സംഭവിച്ചവയിൽ അദാനിയുടെ ഫ്ലാഗ്ഷിപ് കമ്പനിയായ അദാനി എന്‍റർപ്രൈസസുമുണ്ട്. ഇതിന്‍റെ വായ്പ തിരിച്ചടവിന് വേണ്ടിയാണ് മറ്റ് കമ്പനികളുടെ ഓഹരികൾ ഈട് വെച്ച് കൂടുതൽ വായ്പയെടുക്കുന്നത്.
അദാനി പോർട്സിന്‍റെ ഒരു ശതമാനം ഓഹരികൾ, അദാനി ട്രാൻസ്മിഷന്‍റെ 0.55 ശതമാനം ഓഹരികൾ, അദാനി ഗ്രീനിന്‍റെ 1.06 ശതമാനം ഓഹരികൾ എന്നിവയാണ് എസ്.ബി.ഐ ക്യാപ് ട്രസ്റ്റീസിൽ ആകെ ഈടുവെച്ചത്.
അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിലകൾ ഉയർത്താൻ വൻ തോതിൽ കൃത്രിമം നടക്കുന്നുവെന്നത് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നത്. ഓഹരി വിലയിൽ വൻ ഇടിവുണ്ടായതിന് പിന്നാലെ ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനി ആദ്യ 20ൽ നിന്ന് തന്നെ പുറത്തായിരുന്നു.
തുടരെ തിരിച്ചടികളാണ് അദാനിക്ക് പിന്നീടുണ്ടായത്. ഏറ്റവുമൊടുവിൽ അദാനി ഗ്രൂപ്പിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ചിരിക്കുകയാണ് നോർവേ വെൽത്ത് ഫണ്ട്. അദാനി ഗ്രീൻ എനർജിയിൽ 52.7 മില്യൺ ഡോളറും അദാനി ടോട്ടൽ ഗ്യാസിൽ 83.6 മില്യണും അദാനി പോർട്സിൽ 63.4 മില്യൺ ഡോളറുമാണ് വെൽത്ത് ഫണ്ടിനുണ്ടായിരുന്ന നിക്ഷേപം. വിപണിമൂല്യം വൻതോതിൽ ഇടിഞ്ഞ നാല് അദാനി ഗ്രൂപ് കമ്പനികളുടെ റേറ്റിങ് രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റർ സർവിസ് കഴിഞ്ഞ ദിവസം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.