ന്യൂയോർക്ക്: അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കെതിരെ യു.എസിൽ കേസ്. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് ഗൗതം അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ചയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്.
അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
ഇൗ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെയാണ് അദാനിക്കെതിരെ കേസെടുത്ത വിവരം പുറത്ത് വന്നത്. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഗൗതം അദാനി, സാഗർ അദാനി, ജെയിൻ എന്നിവർക്കെതിരെ സെക്യൂരിറ്റി തട്ടിപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. യു.എസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ സിവിൽ കേസും അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറ്റുള്ള പ്രതികൾക്കെതിരെ വിദേശത്തുള്ള അഴിമതി തടയുന്നതിനുള്ള നിയമം, അഴിമതി നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ പ്രതികളിലാരും കസ്റ്റഡിയിലില്ലെന്നാണ് യു.എസ് അറ്റോണി ബ്രിയോൺ പീസ് പറഞ്ഞു.
2020നും 2024നുമിടയിലാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സോളാർ കരാറുകൾ കിട്ടാൻ അദാനി 265 മില്യൺ ഡോളർ (ഏകദേശം 2100 കോടി രൂപ) കൈക്കൂലി നൽകിയതെന്നും നിരവധി ഫോണുകളിൽനിന്ന് ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും അറ്റോർണി ഓഫിസ് ചൂണ്ടിക്കാട്ടി. സൗരോർജ പദ്ധതി കരാറുകൾക്കായി ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്കാണ് 3100 കോടി രൂപയിലധികം വാഗ്ദാനംചെയ്തത്.
‘അദാനി ഗ്രീൻ എനർജി ലിമിറ്റഡ്’ എക്സിക്യൂട്ടിവുകൾ എന്ന നിലയിലാണ് അദാനി ഗ്രൂപ്പിനെ നയിക്കുന്ന ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും കുറ്റകൃത്യത്തിൽ പങ്കാളിയായത്. ആസുർ പവർ ഗ്ലോബൽ ലിമിറ്റഡ് എക്സിക്യൂട്ടിവും കുറ്റാരോപിതരിൽ ഉൾപ്പെടും. അമേരിക്കൻ ഫെഡറൽ നിയമങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങൾക്ക് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമീഷനാണ് അദാനിക്കും അനന്തരവനുമെതിരായ നിയമ നടപടിക്ക് പരാതിയിലൂടെ തുടക്കമിട്ടത്. അദാനി ഗ്രൂപ്പിനും കുറ്റവാളികളായവർക്കും സ്ഥിരം നിരോധനവും പിഴയും ചുമത്തണമെന്ന് എസ്.ഇ.സി പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
യു.എസ് കോടതി കുറ്റക്കാരനാണെന്ന് വ്യക്തമാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അദാനിയെ ഇന്ത്യയിലെ രാഷ്ട്രീയ സാമ്പത്തിക ശക്തികേന്ദ്രമെന്നാണ് യു.എസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ബ്രൂക്ക്ലിനിലെ അമേരിക്കൻ ഫെഡറൽ കോടതി ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമൊപ്പം വിനീത് എസ്. ജെയിൻ, രഞ്ജിത് ഗുപ്ത, രൂപേഷ് അഗർവാൾ, സിറിൽ കാബൻസ്, സൗരവ് അഗർവാൾ, ദീപക് മൽഹോത്ര എന്നിവർക്കതിരെയാണ് ഗൂഢാലോചനാ കുറ്റം ചുമത്തിയത്. തെറ്റായതും തെറ്റിദ്ധാരണജനകവുമായ പ്രസ്താവനകളിലൂടെ ബില്യൺകണക്കിന് ഡോളർ ചെലവുള്ള തങ്ങളുടെ പദ്ധതിക്കായി അമേരിക്കൻ നിക്ഷേപകരിൽനിന്നും ആഗോള ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഓഹരി തട്ടിപ്പിലൂടെ ഫണ്ട് സമാഹരിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഫെഡറൽ കോടതി ചുമത്തിയ കുറ്റം.
വിദേശ അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണ് ഇവർ നടത്തിയതെന്ന് കോടതി വ്യക്തമാക്കി. ഗൗതം അദാനിയും മറ്റു ഏഴ് ബിസിനസ് എക്സിക്യൂട്ടിവുകളും ബിസിനസ് നേട്ടത്തിനായി ഇന്ത്യാ ഗവൺമെന്റിന് കൈക്കൂലി നൽകി. നിക്ഷേപത്തിനായി ഈ കൈക്കൂലിയെയും അഴിമതിയെയും കുറിച്ച് തെറ്റായ പ്രസ്താവന നടത്തി നിക്ഷേപകരെ കബളിപ്പിക്കുകയുംചെയ്തു.
ഇതേ കുറിച്ച് അമേരിക്കൻ ഫെഡറൽ ഏജൻസി നടത്തിയ അന്വേഷണം തടസ്സപ്പെടുത്തി കൈക്കൂലിയുടെ ഗൂഢാലോചനക്ക് മറയിടാൻ മറ്റു കുറ്റാരോപിതർ ശ്രമിച്ചുവെന്നും എഫ്.ബി.ഐ അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് ജെയിംസ് ഇ ഡെനെ വ്യക്തമാക്കി. അതേസമയം, കൈക്കൂലി വാങ്ങിയ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.