70ാം വയസിൽ അദാനി വിരമിക്കുമോ ? വ്യക്തത വരുത്തി കമ്പനി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിലെ പിന്തുടർച്ച പദ്ധതിയിൽ വ്യക്തത വരുത്തി അദാനി എന്റർപ്രൈസ്. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിലാണ് കമ്പനി വ്യക്തത വരുത്തിയിരിക്കുന്നത്. ഗൗതം അദാനിയുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗൗതം അദാനി നടത്തിയ അഭിമുഖത്തെ സംബന്ധിച്ച് വ്യക്തത വരുത്താൻ ​ആഗ്രഹിക്കുകയാണ്. കമ്പനിയുടെ സുസ്ഥിരതക്കായാണ് പിന്തുടർച്ച പദ്ധതിയെ കുറിച്ച് അദാനി സംസാരിച്ചത്. പിന്തുടർച്ചക്കാരെ തെരഞ്ഞെടുക്കുകയെന്നത് വ്യവസ്ഥാപിതമായി നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നൊരു പ്രക്രിയയാണെന്നായിരുന്നു അദാനി അഭിമുഖത്തൽ പറഞ്ഞത്. ഇതിന് പ്രത്യേക തീയതിയോ സമയമോ അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ പിന്തുടർച്ചവകാശികളെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായി വ്യഖ്യാനിക്കപ്പെട്ടു. വിവിധ ബിസിനസുകളിൽ രണ്ട് മക്കളും മരുമക്കളും ഭാഗമാകുമെന്ന് മാത്രമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അദാനി എന്റർപ്രൈസ് അറിയിച്ചു.

നേരത്തെ ബ്ലുംബെർഗാണ് അദാനിയുടെ വിരമിക്കലിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. നിലവിൽ 62 വയസുള്ള ഗൗതം അദാനി 70ാം വയസിൽ ബിസിനസിന്റെ ചുമതലകൾ ഒഴിയുമെന്നായിരുന്നു റിപ്പോർട്ട്. 2030ഓടെ പുതിയ തലമുറ കമ്പനിയുടെ നേതൃത്വത്തിലേക്ക് എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

അദാനിയുടെ മക്കളായ കരണും ജീത്തും ബന്ധുക്കളായ പ്രണവും സാഗറും കമ്പനിയുടെ നേതൃത്വത്തിലേക്ക് എത്തുമെന്നും ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകളിലാണ് വിശദീകരണവുമായി അദാനി എന്റർപ്രൈസ് രംഗത്തെത്തിയത്.

Tags:    
News Summary - Adani group issues clarification on succession plan; says 'misquoted concerning heirs & equal beneficial interest in family trust'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.