ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ അഞ്ചു കമ്പനികളിൽ ഗണ്യമായ നിക്ഷേപം നടത്തിയ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് രണ്ടു ദിവസംകൊണ്ട് ചോർന്നുപോയത് 16,227 കോടി രൂപ. ഓഹരിയുടെ വില കുത്തനെ ഇടിഞ്ഞതുമൂലമാണിത്. 72,193 കോടി രൂപ അഞ്ചു കമ്പനികളിലായി എൽ.ഐ.സി നിക്ഷേപിച്ചിട്ടുണ്ട്. 22 ശതമാനം വിലയിടിഞ്ഞതുവഴി ഇപ്പോൾ ഈ ഓഹരി വിറ്റാൽ കിട്ടുന്നത് 55,565 കോടി രൂപ മാത്രം.
അദാനി ഓഹരികളുടെ വില ഇടിഞ്ഞതിനൊത്ത്, വൻ നിക്ഷേപകരായ എൽ.ഐ.സിയുടെ ഓഹരിവില രണ്ടു ദിവസംകൊണ്ട് 5.3 ശതമാനം താഴുകയും ചെയ്തു. അദാനി കമ്പനി ഓഹരികളുടെ യഥാർഥ മൂല്യം സംബന്ധിച്ച മുന്നറിയിപ്പുകൾ നേരത്തേ ഉയർന്നെങ്കിലും ഓരോ കമ്പനിയിലെയും ഓഹരി നിക്ഷേപം പലമടങ്ങ് കൂട്ടുകയായിരുന്നു എൽ.ഐ.സി.
ന്യൂഡൽഹി: അദാനിയുടെ വ്യവസായ സാമ്രാജ്യം ശക്തമായ കെട്ടുറപ്പില്ലാതെ വല്ലാതെ ഊതിവീർപ്പിച്ചതാണെന്ന് ഫിച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സാമ്പത്തിക ബാധ്യത ഗവേഷണ സ്ഥാപനമായ ‘ക്രെഡിറ്റ് സൈറ്റ്സ്’ കഴിഞ്ഞവർഷം മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്പയിൽ താങ്ങിയാണ് നിലനിൽപ്പെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഗ്രൂപ്പിന്റെ പല സ്ഥാപനങ്ങളും വായ്പ തിരിച്ചടക്കാനുള്ള ലാഭത്തിലല്ലെന്ന് യു.എസ് ഗവേഷണ സ്ഥാപനം എടുത്തുകാട്ടി. അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി എന്റർപ്രൈസസ് എന്നിവക്ക് വരുമാനത്തേക്കാൾ ചെലവാണ്. ഇതിൽ മുന്നിൽ അദാനി ഗ്രീനും രണ്ടാമത് അദാനി എന്റർപ്രൈസസുമാണ്.
അദാനി ഗ്രൂപ്പിന്റെ മൊത്തം കടം 2.1 ലക്ഷം കോടിയാണ്. സ്വന്തം സ്ഥാപനങ്ങളിൽനിന്നുള്ള കടം ഒഴിവാക്കിയാൽ ഇത് 1.9 ലക്ഷം കോടി വരും.
അതേസമയം, അദാനി പ്രതിസന്ധി ബാങ്കുകൾക്ക് ഭീഷണിയല്ലെന്നാണ് ഗവേഷണ സ്ഥാപനങ്ങളുടെ വിലയിരുത്തൽ. സ്വകാര്യ ബാങ്കുകളുടെ വായ്പയുടെ 0.3 ശതമാനമാണ് അദാനിയുടേത്. പൊതുമേഖല ബാങ്കുകളിൽ വായ്പകളുടെ 0.7 ശതമാനവും വരും. ഇന്ത്യൻ ബാങ്കുകളുടെ വായ്പ വിഹിതം 2016 സാമ്പത്തിക വർഷത്തിലെ 86 ശതമാനത്തിൽനിന്ന് 2022ൽ 33 ശതമാനമായി കുറഞ്ഞതായും ജെഫറീസ് റിപ്പോർട്ടിൽ പറയുന്നു.
അതിനാൽ, ഇന്ത്യൻ ബാങ്കിങ് മേഖലക്ക് പ്രത്യക്ഷത്തിൽ വൻ ഭീഷണികളില്ലെന്ന് കോർപറേറ്റ് ബാധ്യത ഗവേഷണ സ്ഥാപനങ്ങളായ ജെഫറീസും സി.എൽ.എസ്.എയും പറയുന്നു. അദാനി ഗ്രൂപ്പിന്റെ കടബാധ്യത ഇന്ത്യൻ ബാങ്കുകളിൽ 40 ശതമാനത്തിൽ താഴെയാണ്.
സ്വകാര്യ ബാങ്കുകളിൽ 10 ശതമാനവും പൊതുമേഖല ബാങ്കുകളിൽ 30 ശതമാനവുമാണ് കടബാധ്യത. ഈ പരിധി, കഴിഞ്ഞ മൂന്നു വർഷമായി ഉയർന്നിട്ടില്ല. പുതിയ ബിസിനസുകൾക്ക് ഫണ്ട് വിദേശത്തുനിന്നാണ് ലഭിച്ചതെന്നതും സി.എൽ.എസ്.എ ചൂണ്ടിക്കാട്ടുന്നു.
എഫ്.പി.ഒ ഓഹരി വില മാറ്റില്ല -അദാനി ഗ്രൂപ്
ന്യൂഡൽഹി: കമ്പനികളുടെ ഓഹരി വിലത്തകർച്ച കണക്കിലെടുക്കാതെ അദാനി എന്റർപ്രൈസസ് മുൻകൂട്ടി നിശ്ചയിച്ച എഫ്.പി.ഒയുമായി (ഫോളോ ഓൺ പബ്ലിക് ഓഫർ) മുന്നോട്ടുപോകുമെന്ന് അദാനി ഗ്രൂപ്. ഇതുവഴി 20,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. എഫ്.പി.ഒ തീയതികളിലോ ഓഹരി വിലയിലോ മാറ്റം വരുത്തില്ല. വാഗ്ദാനം ചെയ്ത വിലയേക്കാൾ വളരെ താഴെ അദാനി എന്റർപ്രൈസസ് ഓഹരി വില എത്തിനിൽക്കേതന്നെയാണ് ഈ വിശദീകരണം. വിലത്തകർച്ചയെ തുടർന്ന് വെള്ളിയാഴ്ച തുടങ്ങിയ എഫ്.പി.ഒ സ്വീകരിക്കപ്പെട്ടത് ഒരു ശതമാനം മാത്രമാണ്. 4.55 കോടി ഓഹരികൾ വിൽക്കാൻ നിശ്ചയിച്ചെങ്കിലും ആവശ്യക്കാർ എത്തിയത് 4.7 ലക്ഷം ഓഹരികൾക്കു മാത്രം. അദാനി ഗ്രൂപ് നിശ്ചയിച്ച വില 3,276 രൂപ വരെയാണെങ്കിൽ ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസ് ഓഹരികൾക്ക് 2,762 രൂപ മാത്രമായിരുന്നു വില.
എസ്.ബി.ഐയുടെ ഓഹരി വിലത്തകർച്ച 54,618 കോടി-കോൺഗ്രസ്
ന്യൂഡൽഹി: അദാനി ഗ്രൂപ് കമ്പനികളുടെ ഓഹരി വിലത്തകർച്ചയോടെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിമൂല്യം 54,618 കോടി രൂപ ഇടിഞ്ഞതായി കോൺഗ്രസ്. അദാനി ഗ്രൂപ് കമ്പനികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റു ബാങ്കുകളും നൽകിയിരിക്കുന്നത് 81,200 കോടി രൂപയുടെ വായ്പയാണ്. എസ്.ബി.ഐ ജീവനക്കാരുടെ പെൻഷൻ ഫണ്ട്, എസ്.ബി.ഐ ലൈഫ് എന്നിവ അദാനി കമ്പനികളിൽ ഇപ്പോഴും നിക്ഷേപിച്ചുവരുകയാണ്. എസ്.ബി.ഐക്കും എൽ.ഐ.സിക്കും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നേരിട്ട ഓഹരി വിലത്തകർച്ച 78,118 കോടി രൂപയുടേതാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ്സിങ് സുർജേവാല എം.പി പറഞ്ഞു. ധനമന്ത്രിയും റിസർവ് ബാങ്ക്, സെബി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയവയും മൗനത്തിലാണെന്നും ധനമന്ത്രി നിർമല സീതാരാമൻ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകണമെന്നും സുർജേവാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.