ഒരു പണിയുമെടുക്കാതെ ആമസോൺ ശമ്പളമായി മൂന്ന് കോടി നൽകിയെന്ന വെളിപ്പെടുത്തലുമായി കമ്പനിയിലെ സീനിയർ ജീവനക്കാരൻ. കാര്യമായ ജോലിയൊന്നും ചെയ്യാതെ ആമസോൺ വൻ തുക ശമ്പളമായി നൽകിയെന്നാണ് ജീവനക്കാരൻ പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള ബ്ലൈൻഡ് പ്ലാറ്റ്ഫോമിൽ നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നത്.
സീനിയർ ടെക്നിക്കൽ പ്രോഗ്രാം മാനേജറായി ചുമതലയേറ്റെടുത്ത താൻ ഏകദേശം 3.10 കോടി രൂപ ശമ്പളമായി വാങ്ങിയെങ്കിലും ജോലിയൊന്നുമുണ്ടായിരുന്നില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ഗൂഗ്ളിലെ ജോലി പോയതിനെ തുടർന്നാണ് ഒന്നര വർഷം മുമ്പ് താൻ ആമസോണിൽ ചേർന്നത്. ഒന്നര വർഷത്തെ ജോലിക്കിടെ ആമസോണിന്റെ ഏഴ് ഉപഭോക്താക്കളുടെ പ്രശ്നം താൻ പരിഹരിച്ചു. ചാറ്റ്ജി.പി.ടിയുടെ സഹായത്തോടെ ഓട്ടോമേറ്റഡ് ഡാഷ്ബോർഡുമുണ്ടാക്കി. ഈ ജോലി ചെയ്ത് തീർക്കാൻ തനിക്ക് കേവലം മൂന്ന് ദിവസം മാത്രമാണ് വേണ്ടി വന്നത്.
ഇപ്പോൾ എട്ട് മണിക്കൂർ ജോലിയിൽ ഭൂരിപക്ഷം സമയവും മീറ്റിങ്ങുകൾക്ക് പോകാനാണ് താൻ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് പുറത്ത് വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്.
ചിലർ ജീവനക്കാരന്റെ പ്രവൃത്തികളെ വിമർശിച്ച് രംഗത്തെത്തിയപ്പോൾ മറ്റ് ചിലർ കോർപ്പറേറ്റ് മേഖലയിലെ ജോലികളെ കുറിച്ച് വിശദമായ ചർച്ചകൾ വേണമെന്ന് ആവശ്യപ്പെട്ടു. ആത്മാർഥമായി ജോലി ചെയ്യുന്നവരെ കൂടി അപകടത്തിലാക്കുന്നതാണ് ജീവനക്കാരന്റെ പോസ്റ്റെന്നും വിമർശനമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.