ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അവർ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇടക്കാല ജാമ്യം ലഭിച്ച നരേഷ് ഗോയൽ മരണസമയത്ത് അനിതക്കൊപ്പം ഉണ്ടായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അവരുടെ അന്ത്യമുണ്ടായതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ശവസംസ്കാരം ഇന്ന് തന്നെ ഉണ്ടാവുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. നരേഷ് ഗോയലും അർബുദബാധിതനാണ്.

മെയ് ആറിനാണ് നരേഷ് ഗോയലിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. ചികിത്സക്കായിട്ടായിരുന്നു ജാമ്യം. മെയ് മൂന്ന് നരേഷ് ഗോയലിന്റെ ഹരജി പരിഗണിക്കാനായി കോടതി മാറ്റിയിരുന്നു. അഡ്മിറ്റ് ചെയ്തിരിക്കുന്ന ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യരുതെന്ന കർശന വ്യവസ്ഥയോടെയായിരുന്നു ജാമ്യഹരജി മാറ്റിയത്. തുടർന്ന് മെയ് ആറിന് ജാമ്യം അനുവദിക്കുകയായിരുന്നു.

2023 സെപ്റ്റംബറിലാണ് നരേഷ് ഗോയലി​നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കാനറ ബാങ്ക് ജെറ്റ് എയർവേയ്സിന് നൽകിയ 538.62 കോടി അനധികൃതമായി കടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. നവംബറിൽ ഗോയലിന്റെ ഭാര്യ അനിതയേയും അറസ്റ്റ് ചെയ്തു. എന്നാൽ, പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് അവർക്ക് അന്ന് തന്നെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.

Tags:    
News Summary - Anita Goyal, wife of Jet Airways founder Naresh Goyal, dies of cancer in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.