ഇന്ത്യയിലെ ആദ്യ ആപ്പ്ൾ ഷോറൂം മുംബൈയിൽ തുറന്നു; ഉപ​യോക്താക്കളെ സ്വാഗതം ചെയ്ത് ടിം കുക്ക്

മുംബൈ: ഇന്ത്യയിൽ ആദ്യമായി ആപ്പ്ളിന്റെ റീട്ടെയിൽ സ്റ്റോർ മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങി. ഷോറൂം ഉദ്ഘാടനത്തിന് എത്തിയ ആപ്പ്ൾ സി.ഇ.ഒ ടിം കുക്കിനെ വൻ കൈയടിയോടെയാണ് ജീവനക്കാരും ഫാൻസും ഉൾപ്പെടെ സ്വീകരിച്ചത്. നിരവധി പേരാണ് ടിം കുക്കിനെ കാണാനായി ബാന്ദ്ര കുർലയിലെത്തിയത്. കുക്കിനൊപ്പം സെൽഫിയെടുക്കാനും മറ്റുമായി ആളുകൾ മണിക്കൂറുകളോളം കാത്തിരുന്നു.

28,000 ചതുരശ്രഅടിയുള്ള സ്റ്റോറിന്റെ ഗേറ്റ് തുറന്നാണ് ടിം കുക്ക് ഉദ്ഘാടനം നിർവ്വഹിച്ചത്. ആപ്പ്ളിന്റെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ വ്യാഴാഴ്ച തുറക്കും. സെയിൽസ്, സർവീസ്, ആക്സസറീസ് എന്നിവയെല്ലാം ഒരിടത്തു നിന്ന് തന്നെ ലഭ്യമാക്കുകയെന്നതാണ് ആപ്പ്ളിന്റെ റീട്ടെയ്ൽ ഷോറൂം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ മുംബൈയിൽ ആപ്പ്ൾ സ്റ്റോർ ഓപ്പണിങ്ങിന് എത്തിയിരുന്നു. 1984ൽ വാങ്ങിയ വിന്റേജ് ആപ്പ്ൾ കമ്പ്യൂട്ടറുമായാണ് ഒരു ആപ്പ്ൾ ഫാൻ ഷോറൂം ഉദ്ഘാടനത്തിന് എത്തിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ​ചെയ്തു.

ഷോറൂം ഉദ്ഘാടനത്തിന് മുമ്പായി ടിം കുക്ക് ആപ്പ്ൾ ഫാൻസിനെ അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ‘ഹല്ലോ, മുംബൈ! പുതിയ ആപ്പ്ൾ ബി.കെ.സിയിലേക്ക് ഉപയോക്താക്കളെ സ്വാഗതം ചെയ്യാനായി കാത്തിരിക്കാനാവുന്നില്ല’ എന്നായിരുന്നു ട്വീറ്റ്.

 

റീട്ടെയ്ൽ ഷോപ്പുകൾ ഇന്ത്യയിൽ തുറക്കുന്നുവെന്നത് ആപ്പ്ൾ ഇന്ത്യയിൽ കൂടുതൽ ബസിനസുകൾക്ക് പദ്ധതിയിടുന്നുവെന്നതിന്റെ സൂചനയാണ്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിലെ നാല് ശതമാനമാണ് ആപ്പ്ൾ കൈയടക്കിയിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ ചൈനീസ്, സൗത് കൊറിയൻ കമ്പനികളാണ് മുമ്പൻമാർ.

ഇന്ത്യ വളരെ ആവേശം നൽകുന്ന വിപണിയാണെന്നും അതിലാണ് ഇനി ഞങ്ങൾ ശ്രദ്ധ ചെലുത്തുകയെന്നും നേരത്തെ ടിം കുക്ക് പറഞ്ഞിരുന്നു.

Tags:    
News Summary - Apple's First Store In India Opens In Mumbai, Tim Cook Welcomes Customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.