ന്യൂയോർക്: ഇക്കണ്ട കാലത്തിനിടെ താൻ ചെയ്യാത്ത കാര്യങ്ങളില്ലെന്ന് അമേരിക്കൻ ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്. അക്കൂട്ടത്തിൽ 'കക്കൂസ് വെള്ളം' കുടിച്ച കാര്യം വെളിപ്പെടുത്തിയിരിക്കയാണ് ബിൽ ഗേറ്റ്സ് ഇപ്പോൾ. എന്നാൽ അതൊരു നല്ല കാര്യത്തിനായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ലോക കക്കൂസ് ദിനമായ നവംബർ 19നാണ് ബിൽഗേറ്റ്സ് ഈ രഹസ്യം പങ്കുവെച്ചത്.
വർഷങ്ങളായി താൻ പല വിചിത്രമായ, വിഡ്ഢിത്തമെന്ന് തോന്നുന്ന കാര്യങ്ങളും ചെയ്തിട്ടുണ്ട്. അമേരിക്കൻ കൊമേഡിയനായ ജിമ്മി ഫാലോണിനൊപ്പം മലം നിറഞ്ഞ വെള്ളം ശുദ്ധീകരിച്ചത് കുടിച്ചു. മനുഷ്യ വിസർജ്യം നിറച്ച പാത്രവുമായി ഒരിക്കൽ ഞങ്ങൾ രണ്ടുപേരും വേദി പങ്കിട്ടു. കുഴിയിലെ കക്കൂസ് ദുർഗന്ധം എന്താണെന്ന് ഞങ്ങൾ ശരിക്ക് അനുഭവിച്ചറിഞ്ഞു. എന്നാൽ ഈ പ്രവൃത്തികളെല്ലാം വളരെ നല്ലൊരു കാര്യത്തിനായിരുന്നു- ബിൽഗേറ്റ്സ് പറയുന്നു.
360 കോടി ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നത്തെ കുറിച്ച് ആളുകളിൽ ബോധവത്കരണമുണ്ടാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ സാഹസമെന്നും ബിൽഗേറ്റ്സ് പറയുന്നുണ്ട്. അതായത് ശുചീകരണ പ്രശ്നത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ. 'പല രോഗങ്ങളും തടയുന്ന ഒരു പരിഹാരത്തിലേക്ക് ഞങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്...ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും നന്ദി'- എന്നുപറഞ്ഞുകൊണ്ടാണ് ബിൽഗേറ്റ്സ് കുറിപ്പ് അവസാനിപ്പിച്ചത്.
ജനസംഖ്യ പെരുകുന്നതാണ് ശുചീകരണപ്രശ്നത്തിന്റെ പ്രധാന കാരണം. ഈ പശ്ചാത്തലത്തിൽ ശുചിത്വ പരിഹാരങ്ങളെ കുറിച്ചു പറയുന്ന 2021 ലെ ബ്ലോഗ് കുറിപ്പിന്റെ ലിങ്കും ബിൽഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. 10 വർഷം മുമ്പ് മെലിൻഡ ഫൗണ്ടേഷൻ ടോയ്‍ലറ്റ് വിപ്ലവം നടപ്പാക്കിയത് എങ്ങനെയെന്നും ബിൽഗേറ്റ്സ് വിശദീകരിക്കുന്നുണ്ട്.
ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിന് 2015ൽ കക്കൂസ് മാലിന്യത്തിൽ നിന്നുള്ള വെള്ളം കുടിക്കുന്നതു പോലുള്ള പരിപാടികളിൽ ബിൽ ഗേറ്റ്സ് ഭാഗവാക്കായിരുന്നു. ജിമ്മിയെയും ഇങ്ങനെ ചെയ്യാൻ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു. അഞ്ചുമിനിറ്റു മുമ്പു വരെ അതിൽ നിറയെ കക്കൂസ് മാലിന്യം ആയിരുന്നു. മാലിന്യം മെഷീനിലേക്ക് ഇട്ടതും മിനിറ്റുകൾക്കകം കുടിവെള്ളമായി മാറുകയും ചെയ്തു-ബിൽഗേറ്റ്സ് കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.