വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണികളെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. ടെർവോർ നോഹയുടെ പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എ.ഐ ഉൾപ്പടെയുള്ള സാങ്കേതികവിദ്യകൾ വികസിച്ചാൽ മനുഷ്യന് അമിതമായി അധ്വാനിക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കമ്പനി വളർത്തിയെടുക്കാൻ 18ാം വയസു മുതൽ 40ാം വയസ് വരെ അധ്വാനിക്കേണ്ടി വന്നു. ജോലി ചെയ്യുക മാത്രമല്ല ജീവിതത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്താൽ മതിയാകുന്ന ഒരു സമൂഹം ഉയർന്ന് വരികയാണെങ്കിൽ അത് നല്ലതാണ്. നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും യന്ത്രങ്ങൾ നിർമിക്കുകയാണെങ്കിൽ നമുക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുള്ള വെല്ലുവിളികൾ നമുക്ക് നേരിടാൻ സാധിക്കും. തെറ്റായ വിവരങ്ങളുടെ പ്രചാരണം, ഡീപ്ഫേക്ക്സ്, സുരക്ഷാ ഭീഷണികൾ, ജോലികളിലെ മാറ്റം, വിദ്യാഭ്യാസത്തിലെ സ്വാധീനം എന്നിവയെല്ലാം എ.ഐ മൂലമുണ്ടാകുന്ന ഭീഷണികളാണെന്ന് ബിൽഗേറ്റ്സ് പറഞ്ഞു.
ഇതാദ്യമായല്ല പുതിയൊരു ടെക്നോളജി തൊഴിൽ വിപണിയിൽ മാറ്റം വരുത്തുന്നത്. വ്യവസായ വിപ്ലവം പോലുള്ള വലിയ മാറ്റം എ.ഐ കൊണ്ട് ഉണ്ടാവില്ല. എന്നാൽ, പേഴ്സണൽ കമ്പ്യൂട്ടറുകൾ കൊണ്ടുവന്ന മാറ്റം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.