ദുബൈ: ഇന്ത്യൻ വ്യവസായപ്രമുഖനും റിലയൻസ് ഇൻഡസ്ട്രീസ് എം.ഡിയുമായ മുകേഷ് അംബാനി ദുബൈയിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കി. പാം ജുമൈറയിലെ വില്ല 60 കോടി ദിർഹമിനാണ് (ഏകദേശം 1300 കോടി രൂപ) സ്വന്തമാക്കിയതെന്ന് ബ്ല്യൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. ദുബൈയിലെ ബിസിനസ് കുടുംബത്തിന്‍റെ കൈവശമായിരുന്ന താമസസ്ഥലമാണ് എമിറേറ്റിലെ എക്കാലത്തെയും വലിയ റസിഡൻഷ്യൽ പ്രോപർട്ടി ഇടപാടിലൂടെ വാങ്ങിയത്. ആഗസ്റ്റിൽ പാം ജുമൈറയിലെതന്നെ മറ്റൊരു ആഡംബരവില്ല ഇളയമകൻ ആനന്ദിനുവേണ്ടി മുകേഷ് അംബാനി സ്വന്തമാക്കിയിരുന്നു. ഏകദേശം 30 കോടി ദിർഹം (650 കോടി രൂപ) വിലയ്ക്കാണ് ബീച്ചിനോട് ചേർന്ന വില്ല വാങ്ങിയിരുന്നത്. ഇത് ദുബൈയിലെ ഏറ്റവും വലിയ തുകയുടെ വില്ല വിൽപനയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സ്വന്തം പേരിലെ ഈ റെക്കോഡാണ് പുതിയ ഇടപാടിലൂടെ അദ്ദേഹംതന്നെ തിരുത്തിക്കുറിച്ചത്.
യു.എസിലും യു.കെയിലും ഉൾപ്പെടെ ലോകമെമ്പാടും പലയിടത്തും അംബാനി കുടുംബം സ്വത്തുക്കൾ സ്വന്തമാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും ആകർഷണീയ നഗരങ്ങളിലൊന്നായ ദുബൈയിലും വില്ലകൾ സ്വന്തമാക്കുന്നത് ഇതിന്‍റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുംബൈയിലെ ആൻറിലയിലെ 27 നില കെട്ടിടമാണ് കുടുംബത്തിന്‍റെ ഇന്ത്യയിലെ താമസകേന്ദ്രം.
ദുബൈയിലെ സുപ്രധാനമേഖലകളിൽ വില്ലകളുടെ വിലയും വിൽപനയും കഴിഞ്ഞമാസങ്ങളിൽ കുതിപ്പ് തുടരുകയാണ്. ജൂൺവരെ ഈ വർഷം റെസിഡൻഷ്യൽ പ്രോപർട്ടി വിലയിൽ 10 ശതമാനം വർധനയുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്. അപ്പാർട്മെൻറ് വില ഒമ്പതു ശതമാനവും വില്ല വിലയിൽ 19 ശതമാനവുമാണ് ശരാശരിയെക്കാൾ വർധിച്ചതെന്ന് ദുബൈ വിപണി സംബന്ധിച്ച സി.ബി.ആർ.ഇ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.