മുംബൈ: ഇന്ത്യയിലെ ബജറ്റ് എയർലൈൻ കമ്പനിയായ ഗോ ഫസ്റ്റ് രണ്ട് ദിവസത്തേക്ക് സർവീസ് നിർത്തി. പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം. നിലവിൽ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ്&വിറ്റ്നിയിൽ നിന്നും എൻജിൻ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്.
നിരന്തരമായ എൻജിൻ തകരാറുകൾ ഉണ്ടായതോടെ 25 വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നുവെന്ന് ഗോ ഫസ്റ്റ് വിശദീകരിക്കുന്നു. ഗോഫസ്റ്റിന്റെ എയർബസ് എ320 നിയോ വിമാനങ്ങളുടെ 50 ശതമാനം വരുമിത്. വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥർ.
നേരത്തെ കമ്പനി ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ മുമ്പാകെ പാപ്പർ ഹരജി ഫയൽ ചെയ്തിരുന്നു. പാപ്പർ ഹരജി ഫയൽ ചെയ്യേണ്ടി വന്ന സാഹചര്യം ദുഃഖകരമാണെന്നും കമ്പനിയുടെ നിലനിൽപ്പിന് ഇത് അത്യാവശ്യമാണെന്നുമായിരുന്നു ഗോ ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഗോനയുടെ മറുപടി. വിമാനം റദ്ദാക്കലിനെ കുറിച്ച് ഇമെയിലുകൾ ഗോ ഫസ്റ്റ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഡി.ജി.സി.എക്കും റിപ്പോർട്ട് നൽകുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.