ബംഗളൂരു: എജുടെക്ക് ആപ്പായ ബൈജൂസ് തങ്ങളെ നിർബന്ധപൂർവം രാജിവെപ്പിക്കുകയായിരുന്നുവെന്നും കമ്പനിയിൽ നിന്ന് അന്യായമായാണ് പുറത്താക്കിയതെന്നും മുൻ ജീവനക്കാർ. ന്യായമായ അവകാശങ്ങളോ നഷ്ടപരിഹാരമോ നൽകിയില്ല. എന്തുകൊണ്ട് രാജിവെക്കാൻ ആവശ്യപ്പെട്ടതെന്ന് ചോദിക്കാനുള്ള അവസരം പോലും നൽകിയില്ലെന്നും മുൻ ജീവനക്കാർ എൻ.ഡി.ടി.വിയോട് പറഞ്ഞു.
ഞങ്ങളെ റോബോട്ടുകളെ പോലെയാണ് കൈകാര്യം ചെയ്തിരുന്നത്. നിലവിലെ ജീവനക്കാർക്ക് ബൈജു രവീന്ദ്രന്റെ ക്ഷമാപണക്കത്ത് ലഭിച്ചുവെന്ന് പറയുന്നു. പക്ഷേ, പിരിച്ചുവിട്ട ജീവനക്കാരോട് മാപ്പ് പറഞ്ഞിട്ടില്ല -മുൻ ജീവനക്കാരൻ ആരോപിച്ചു.
കഴിഞ്ഞ മാസമാണ് ബൈജു രവീന്ദ്രൻ ജീവനക്കാരോട് മാപ്പ് പറഞ്ഞ് മെയിലയച്ചത്. 2500 പേരെ പിരിച്ചു വിട്ടതിൽ ജീവനക്കാർക്കുണ്ടായ പ്രയാസങ്ങളിലാണ് ക്ഷമ ചോദിച്ചത്. 2022-2023 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാക്കുന്നതിനാണ് പിരിച്ചു വിടൽ നടപടിയെന്നാണ് ബൈജൂസ് ന്യായീകരിച്ചത്.
പിരിച്ചു വിട്ട ജീവനക്കാരിൽ പലരോടും ഇത് നിങ്ങളുടെ അവസാന ദിവസമാണെന്ന് അറിയിച്ചുകൊണ്ടാണ് രാജിവെപ്പിച്ചത്. പലരെയും പിരിച്ചുവിട്ട നടപടികൾ പൂർണമായും സൂം വഴിയാണ് നടന്നത്. രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന ഭീഷണി പലർക്കുനേരെയും ഉണ്ടായതായി ജീവനക്കാർ ആരോപിച്ചു.
നിങ്ങൾ വാദിച്ചാൽ നിങ്ങൾക്ക് നഷ്ടപരിഹാരമൊന്നും കിട്ടില്ല. സഹകരിച്ചാൽ ഒരുമാസത്തെ ശമ്പളം കിട്ടുമെന്നതായിരുന്നു അവസ്ഥ. ഓരോ ജീവനക്കാരുടെയും രാജിക്കത്ത് നേരത്തെ തന്നെ തയാറാക്കി വെച്ചിരിക്കുകയാണ്. പത്തു മാസം കൊണ്ട് അഞ്ചുവർഷത്തേക്കുള്ള ജോലി ജീവനക്കാരെ കൊണ്ട് ചെയ്യിക്കുന്നുണ്ടെന്നും മുൻ ജീവനക്കാർ ആരോപിച്ചു. ഗുണ്ടകളെ ഉപയോഗിച്ച് രാജിക്കത്തെന്ന പേരിൽ വെള്ളപേപ്പറിൽ നർബന്ധിച്ച് ഒപ്പ് വെപ്പിച്ചുവെന്നും ജീവനക്കാർ ആരോപിക്കുന്നു.
എന്നാൽ നിക്ഷിപ്ത താത്പര്യങ്ങൾ മൂലം നടത്തുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെല്ലാമെന്ന് ബൈജൂസ് പ്രതികരിച്ചു.
പിരിച്ചുവിടലിന്റെ ആദ്യഘട്ടം തുടങ്ങുന്നത് ജൂണിലാണെന്ന് ചില ജീവനക്കാർ പറഞ്ഞു. 5000 ഓളം പേർക്ക് ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാൽ ആവശ്യത്തിലധികമുള്ള ജീവനക്കാരെയാണ് പിരിച്ചു വിടുന്നതെന്നും 2500 ഓളം പേർ അധിക ജീവനക്കാരാണെന്നും ആരോപിച്ചാണ് ബൈജൂസ് പിരിച്ചു വിടൽ തുടരുന്നത്.
കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കമ്പനി സി.ഇ.ഒ ബൈജു രവീന്ദ്രൻ നടത്തിയ കൂടിക്കാഴ്ചയിൽ കമ്പനി തിരുവനന്തപുരത്തെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.