ന്യൂഡൽഹി: നികുതി നിയമത്തിെൻറ പേരിൽ ഈടാക്കിയതിന് നഷ്ട പരിഹാരമായി ഫ്രാൻസിലും യു.എസിലുമുള്ള ഇന്ത്യൻ ആസ്തികൾ കണ്ടുകെട്ടാനാവശ്യപ്പെട്ട് നൽകിയ കേസുകൾ പിൻവലിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടീഷ് കമ്പനി കെയേൺ എനർജി. ഈടാക്കിയ തുകയായ 100 കോടി ഡോളർ (7,343 കോടി രൂപ) നൽകാമെന്ന് ഇന്ത്യ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. തുക കൈമാറി ദിവസങ്ങൾക്കകം കേസുകൾ പിൻവലിക്കുന്ന് കമ്പനി സി.ഇ.ഒ സൈമൺ തോംസൺ പറഞ്ഞു.
2012ൽ നടപ്പാക്കിയ പൂർവകാല പ്രാബല്യമുള്ള നിയമപ്രകാരം ഉടമകൾ മാറിയാലും ഇന്ത്യയിലെ ആസ്തികൾക്ക് 50 വർഷം മുമ്പുവരെയുള്ള നികുതി ഈടാക്കാം. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കുന്നതിന് തടസ്സമാകുന്നുവെന്നു പറഞ്ഞ് കഴിഞ്ഞ മാസം ഈ നികുതി നിയമം സർക്കാർ റദ്ദാക്കിയിരുന്നു. പ്രമുഖ ടെലികോം കമ്പനി വോഡഫോൺ, ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ സനോഫി, ഊർജ മേഖലയിലെ കെയേൺസ് ഉൾപ്പെടെ വൻകിടക്കാർ ഈയിനത്തിൽ നൽകാനുള്ള 1.1 ലക്ഷം കോടി രൂപ വേണ്ടെന്നുവെക്കാനും നേരത്തേ ഈടാക്കിയ 8,100 കോടി രൂപ മടക്കി നൽകാനും ഇന്ത്യ തീരുമാനിച്ചു. മടക്കിനൽകാനുള്ള 7,900 കോടി രൂപയും കെയേൺസിനാണ്. എല്ലാ കേസുകളും പിൻവലിക്കാമെങ്കിൽ മാത്രമേ തുക നൽകൂ എന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് മറുപടിയിലാണ് കെയേൺസ് സി.ഇ.ഒയുടെ പ്രതികരണം.
നികുതി നിയമത്തിെൻറ പേരിൽ ഇൗടാക്കിയ തുക തിരിച്ചുപിടിക്കാൻ ഫ്രാൻസിലെ നയതന്ത്ര കാര്യാലയത്തിെൻറ ഭാഗമായ അപ്പാർട്ട്മെൻറുകൾ, യു.എസിലുള്ള എയർ ഇന്ത്യ വിമാനങ്ങൾ എന്നിവ പിടിച്ചെടുത്ത് പണം ഈടാക്കണമെന്നായിരുന്നു കെയേൺസിെൻറ ആവശ്യം. ഇന്ത്യ തിരിച്ചുനൽകുന്ന 100 കോടി ഡോളറിൽ 70 കോടിയും ഓഹരി ഉടമകൾക്ക് നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2012ൽ നടപ്പാക്കിയ നികുതി നിയമപ്രകാരം 17 രാജ്യാന്തര കമ്പനികളിൽനിന്ന് 1.10 ലക്ഷം കോടി രൂപ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ കെയേൺ നൽകിയ കേസിൽ അന്താരാഷ്ട്ര മധ്യസ്ഥ ട്രൈബ്യൂണൽ സർക്കാറിന് എതിരായ വിധി പുറപ്പെടുവിച്ചു. തുടക്കത്തിൽ തുക തിരിച്ചുനൽകാൻ സർക്കാർ വിസമ്മതിച്ചെങ്കിലും കമ്പനി കോടതികളെ സമീപിച്ച് വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ആസ്തികൾ കണ്ടുകെട്ടാനാവശ്യപ്പെട്ടു. ഇതിനൊടുവിലാണ് പുതിയ നീക്കം. എല്ലാ കേസുകളും പിൻവലിക്കാമെന്ന് കെയേൺ ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ത്യയിൽ കരയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തിയ കമ്പനിയാണ് കെയേൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.