വിവോ ഓഫിസുകളിൽ ഇ.ഡി പരിശോധന

ന്യൂഡൽഹി: കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. ഡൽഹി, ഉത്തർപ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ 44 സ്ഥലങ്ങളിലായിരുന്നു പരിശോധന.

ചില ചൈനീസ് ഓഹരി ഉടമകൾ വ്യാജരേഖ നിർമിച്ചുവെന്നാരോപിച്ച് കമ്പനിയുടെ ജമ്മു-കശ്മീരിലെ ഏജൻസിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തത്. ഇല്ലാത്ത കമ്പനികളുടെ പേരിൽ വി​ദേശത്തുനിന്ന് അനധികൃത പണം കൊണ്ടുവരാനാണ് വ്യാജ രേഖകളുണ്ടാക്കിയതെന്ന് ഇ.ഡി സംശയിക്കുന്നു.

ചൈനീസ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുമ്പോൾ കള്ളപ്പണം വെളുപ്പിക്കുന്നതും നികുതി വെട്ടിക്കുന്നതും തടയാൻ കേന്ദ്രസർക്കാർ നേരത്തെ നടപടി തുടങ്ങിയിരുന്നു. മുൻനിര ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമിയുടെ 5551 കോടിയുടെ നി​ക്ഷേപം പിടിച്ചെടുക്കാൻ ഇ.ഡി ഏപ്രിലിലാണ് ഉത്തരവിട്ടത്. മറ്റൊരു ചൈനീസ് ടെലികോം കമ്പനി വാവേയുടെ ഓഫിസിൽ ഫെബ്രുവരിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതി കുറച്ചുകാണിക്കാൻ കണക്കിൽ കൃത്രിമം കാണിച്ചെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികളായ ഷവോമി, ഓപ്പോ, വിവോ, എന്നിവയുടെ വിതരണക്കാരുടെയും ഇതുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും കഴിഞ്ഞവർഷം ഡിസംബറിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണക്കിൽ കാണിക്കാത്ത 6500 കോടിയുടെ വരുമാനം കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വെളിപ്പെടുത്തിയിരുന്നു

Tags:    
News Summary - ED Raid in VIVO office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.