വിദേശ വിനിമയ ചട്ട ലംഘനം; ഫ്ലിപ്കാർട്ടിന്​ ഇ.ഡി 31,800 കോടി രൂപ വരെ പിഴ ചുമത്തിയേക്കും

ന്യൂഡൽഹി: വിദേശവിനിമയ ചട്ടങ്ങൾ ലംഘിച്ചതിന്​ ഇ കൊമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്കാർട്ടിന്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) 31,800 കോടി രൂപ വരെ പിഴ ചുമത്താൻ സാധ്യത.

ഫോറിൻ എക്​സ്​ചേഞ്ച്​ മാനേജ്​മെന്‍റ്​ ആക്​ട്​ (ഫെമ) പ്രകാരം അന്വേഷണ ഏജൻസി ഫ്ലിപ്​കാർട്ടിനും കമ്പനി അധികൃതർക്കും ജൂലൈ ഒന്നിന്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരുന്നു. ഫ്ലിപ്കാർട്ട്​ സ്​ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ, വിവിധ വ്യക്തികൾ, സ്​ഥാപനങ്ങൾ എന്നിവക്കാണ്​ നോട്ടീസ്​.

10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ്​ ഫ്ലിപ്​കാർട്ടിന്​ അയച്ചിരുന്നത്​. നിയ​മപ്രകാരം 10,600 കോടി രൂപയുടെ 300 ശതമാനം പിഴ ഈടാക്കാനാണ്​ സാധ്യതയെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥർ ഇന്ത്യ ടുഡെ ടി.വിയോട്​ പറഞ്ഞു. അവസാന ഘട്ടത്തിലാണ്​ ഫ്ലിപ്​കാർട്ടിന്​ പിഴ ചുമത്തേണ്ട തുക തീരുമാനിക്കുകയെന്നും അവർ കൂട്ടി​േച്ചർത്തു.

ഫ്ലിപ്​കാർട്ട്​ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായി പ്രത്യക്ഷത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

2009നും 2015നും ഇടയിൽ മൗറീഷ്യസ്​ ആസ്​ഥാനമായ സ്​ഥാപനത്തിൽനിന്ന്​ വിദേശ നിക്ഷേപം വഴി 10,600 കോടി രൂപ മൊത്ത വ്യാപാരത്തിനായി ലഭിച്ചുവെന്നാണ്​ കണ്ടെത്തൽ. ഇൗ പണം മൾട്ടി ബ്രാൻഡ്​ ബിസിനസിനായി ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു.

അതേസമയം, ഫ്ലിപ്​കാർട്ട്​ ഇന്ത്യൻ നിയമങ്ങൾക്കും നടപടികൾക്കും അനുസൃതമായാണ്​ പ്രവർത്തിക്കുന്നത്​. വിദേശ നിക്ഷേപ നിയമങ്ങളും ബാധകമാകും. നോട്ടീസിൽ പറയുന്ന 2009-2015കാലഘട്ടത്തിലെ സംഭവവുമായി ബന്ധപ്പെട്ട്​ ഫ്ലിപ്​കാർട്ട്​ അന്വേഷണത്തിൽ സഹകരിക്കും -ഫ്ലിപ്കാർട്ട്​ പ്രസ്​താവനയിൽ അറിയിച്ചു​. 2018ൽ വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിനെ ഏറ്റെടുത്തിരുന്നു. 

Tags:    
News Summary - FDI violation ED may fine Flipkart up to Rs 31,800 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.