അദാനി വിഷയം മോദിക്ക് തിരിച്ചടിയാകുമെന്ന് സോറസ്

ന്യൂഡല്‍ഹി: അദാനി വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാവുമെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് വഴി തെളിക്കുമെന്നുമുള്ള ലോകത്തിലെ അതി സമ്പന്നരില്‍ ഒരാളായ ജോര്‍ജ് സോറസിന്റെ പ്രസംഗം വിവാദമായി. മ്യൂണിക് സുരക്ഷാസമ്മേളനത്തിന് മുന്നോടിയായി സോറസ് നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുമായും ബന്ധപ്പെട്ടിരിക്കുന്ന അദാനി പ്രതിസന്ധി ഇന്ത്യയിലെ ജനാധിപത്യ പുനരുജ്ജീവനത്തിന് ഇടയാക്കിയാലും അതില്‍ ജോര്‍ജ് സോറസിന്റെ പ്രസ്താവനക്ക് പങ്കൊന്നുമില്ലെന്ന് കോൺഗ്രസും തള്ളിപ്പറഞ്ഞു.

നാസികളെത്തിയപ്പോൾ 17ം വയസിൽ ജൂത കുടുംബത്തോടൊപ്പം ഹംഗറി വിട്ട് ലണ്ടനിലെത്തി അതിസമ്പന്നനായി മാറിയ വ്യക്തിയാണ് 92കാരനായ സോറസ്. അദാനി കമ്പനികളുടെ തട്ടിപ്പിനെയും ഓഹരി വിപണിയിലെ കൃത്രിമത്തെയും കുറിച്ച് മൗനം തുടരുന്ന നരേന്ദ്ര മോദി വിദേശ നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്കും പാർലമെന്റിനും മറുപടി നല്‍കണമെന്ന് സോറസ് മ്യൂണിക്കിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഫെഡറൽ ഭരണകൂടത്തിന് മേലുള്ള മോദിയുടെ നിയന്ത്രണം ഇതോടെ നഷ്ടമാകുകയും പരിഷ്‍കരണങ്ങൾ വരികയും ചെയ്യുമെന്ന് സോറസ് തുടർന്നു. ഇന്ത്യയിൽ ജനാധിപത്യം പുനരുജ്ജീവിക്കുമെന്ന് സോറസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ബി.ജെ.പി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള വിദേശശക്തികളുടെ ശ്രമമാണിതെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക യുദ്ധ കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട വ്യക്തി ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവർ ഇന്ത്യയിൽ അധികാരത്തില്‍ വരണമെന്നാണ് ഇത്തരത്തിലുള്ളവരുടെ ഉദ്ദേശ്യമെന്നും സ്മൃതി ആരോപിച്ചു. സോറസിനെ അനുകൂലിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്മൃതി മുന്നറിയിപ്പും നൽകി.

ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുനരുജ്ജീവനം കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെയും ആശ്രയിച്ചാണ് സംഭവിക്കുന്നതെന്നും ജോര്‍ജ് സോറസിനെ പോലുള്ള വ്യക്തികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലങ്ങളെ നിര്‍ണയിക്കാനാവില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. 

Tags:    
News Summary - Gautam Adani’s woes will spur ‘democratic revival in India’, George Soros says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.