മഹേഷ് ഭട്ട് സംവിധാനം ചെയ്ത പാപാ കഹ്തേ ഹേ എന്ന ബോളിവുഡ് സിനിമയിലെ 'ഗർ സേ നികൽത്താ ഹേ... കുച്ച് ദുർ ചൽത്താ ഹേ' എന്ന ഗാനം തൊണ്ണൂറുകളിലെ സൂപ്പർഹിറ്റായിരുന്നു. ആ ഗാനരംഗത്ത് ചുവടുവെച്ച ഔറംഗാബാദുകാരിയെ ആരും പെട്ടെന്ന് മറക്കാനിടയില്ല. ചിത്രത്തിൽ ജുഗൽ ഹൻസ്രാജിെൻറ നായികയായി അഭിനയിച്ച മയൂരി കാംഗോയെന്ന സുന്ദരി ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകമനസിൽ ഇടം നേടി. 1995ൽ പുറത്തിറങ്ങിയ 'നസീമി'ലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ച മയൂരി പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ടു. പിന്നീട് ബോളിവുഡിൽനിന്ന് പിൻമാറിയെങ്കിലും അവർ 2019ൽ പുതിയൊരു മേഖലയിലേക്ക് കടന്നിരുന്നു. ഗൂഗ്ൾ ഇന്ത്യയുടെ ഇൻഡസ്ട്രി ഹെഡായാണ് അവർ പുതിയ ദൗത്യം ആരംഭിച്ചത്.
15ാം വയസിലാണ് മയൂരി ആദ്യ ചിത്രമായ നസീമിൽ അഭിനയിക്കുന്നത്. പിന്നീട് പാപാ കഹ്തേ ഹേ, ബേതാബി, ഹോഗി പ്യാർ കി ജീത്, ബാദൽ, പാപ ദി ഗ്രേറ്റ്, ജങ് തുടങ്ങി ഡസനിലധികം ചിത്രങ്ങളിൽ അഭ്രപാളിയിലെത്തി. അജയ് ദേവ്ഗൻ, സണ്ണി ഡിയോൾ, അനുപം ഖേർ, അർഷാദ് വാർസി, ശക്തി കപൂർ എന്നിവരോടൊപ്പം അഭിനയിച്ച മയൂരി നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. തെലുഗു ചിത്രമായ വംശിയിലും കാമറക്ക് മുന്നിലെത്തി.
വിദേശ വ്യവസായിയായ ആദിത്യ ധില്ലനെ വിവാഹം കഴിച്ചതിനെ തുടർന്ന് 2003ലാണ് അവർ സിനിമ ജീവിതം അവസാനിപ്പിക്കുന്നത്. തുടർന്ന് യു.എസിലെത്തിയ മയൂരി സിറ്റി യൂനിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽനിന്ന് മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ എം.ബി.എ നേടി. ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഏജൻസിയായ 360ഐയിലായിരുന്നു അവരുടെ പുതിയ കരിയറിന് തുടക്കമായത്. ഫ്രാൻസ് ആസ്ഥാനമായ പ്രമുഖ ഡിജിറ്റൽ മീഡിയ കമ്പനിയായ പെർേഫാമിക്സിെൻറ മാനേജിങ് ഡയറക്ടറായിരുന്നു. 2004 മുതൽ 2012 വരെ വിവിധ കമ്പനികളിൽ ജോലി ചെയ്ത അവർ പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി. ഒടുവിൽ 2019ലാണ് ഗുഗ്ൾ ഇന്ത്യയുടെ വ്യവസായ വിഭാഗത്തിെൻറ ചുമതല ഏറ്റെടുക്കുന്നത്.
വ്യവസായ ലോകത്തേക്ക് എത്തിയതോടെ താൻ പ്രധാനമായും അഭിമുഖീകരിച്ചിരുന്ന ചോദ്യം ബോളിവുഡിൽ നിന്ന് എങ്ങനെ ഇവിടെയെത്തി എന്നതാണെന്ന് മയൂരി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'അഭിനേതാക്കൾ ബുദ്ധിമാന്മാരല്ലെന്ന മുൻധാരണയോടെയാണ് പലരും ആ ചോദ്യം ചോദിച്ചത്. എെൻറ പ്രൊഫഷനെ ഞാൻ ഗൗരവമായി കാണുന്നുവെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ കഠിനമായി അധ്വാനിക്കേണ്ടി വന്നു. ബോളിവുഡിലേക്ക് വരുന്നതിന് മുമ്പ് നടിമാർ വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. 10 വർഷം മാത്രമേ തിളങ്ങുന്ന കരിയർ നമുക്കൊപ്പമുണ്ടാവു. അതുകഴിഞ്ഞാൽ പുതിയ സാധ്യതകളുടെ ലോകം നാം തന്നെ കണ്ടെത്തണം.' -ഗൂഗ്ളിെൻറ തലപ്പത്തേക്ക് എത്തിയതിന് ശേഷമുള്ള മയൂരിയുടെ വാക്കുകൾ എല്ലാവർക്കും പ്രചോദനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.