മുംബൈ: ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ നഗരത്തിലെ ബംഗ്ലാവും രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഗോദ്റേജ് പ്രോപ്പർട്ടീസ് സ്വന്തമാക്കി. ചെമ്പൂരിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന് (ടിസ്സ്) തൊട്ടുള്ള ഒരു ഏക്കർ ഭൂമിയിലാണ് ബംഗ്ലാവുള്ളത്. രണ്ടു വർഷം മുമ്പ് രാജ് കപൂറിന്റെ ആർ.കെ സ്റ്റുഡിയോയും ഗോദ്റേജ് വാങ്ങിയിരുന്നു. രാജ് കപൂറിന്റെ പിൻഗാമികളിൽ നിന്നാണ് ഭൂമി വാങ്ങിയതെന്ന് അധികൃതർക്ക് ഗോദ്റേജ് കമ്പനി നൽകിയ രേഖകളിൽ പറയുന്നു.
പ്രദേശത്ത് ആഡംബര പാർപ്പിടസമുച്ചയം പണിയുമെന്നും അതിൽനിന്ന് 500 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നുവെന്നും ഗോദ്റേജ് പ്രോപ്പർട്ടീസ് എക്സിക്യൂട്ടിവ് ചെയർമാൻ ഫിറോഷാ ഗോദ്റേജ് പറഞ്ഞു. എന്നാൽ, ഭൂമി ഇടപാട് എത്ര തുകക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ കുടുംബത്തിന് വൈകാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള സ്വത്താണ് ചെമ്പൂരിലേതെന്ന് രാജ് കപൂറിന്റെ മകനും നടനുമായ രൺധീർ കപൂർ പറഞ്ഞു.
തങ്ങളുടെ പാരമ്പര്യ സ്വത്തിനെ വികസനത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിക്കാൻ ഗോദ്റേജ് കമ്പനിയുമായി വീണ്ടും കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ ഏറ്റെടുത്ത ആർ.കെ സ്റ്റുഡിയോ പ്രദേശത്തെ നിർമാണം പൂർത്തിയാക്കി ഉടൻ വീടുകൾ നൽകാനാകുമെന്ന് ഗോദ്റേജ് കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.