ന്യൂഡൽഹി: തെറ്റായ വിവരങ്ങളും ആരോപണങ്ങളും കൂട്ടിക്കുഴച്ചതാണ് ഹിൻഡൻബർഗ് റിപ്പോർട്ടെന്ന ആരോപണം ആവർത്തിച്ച് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി. കമ്പനിയുടെ വളർച്ച തടയാനും പ്രശസ്തിക്ക് മങ്ങലേൽപിക്കാനുമുള്ള ദുരുദ്ദേശ്യപരമായ ശ്രമമായിരുന്നു അതെന്നും അദാനി ഗ്രൂപ്പ് കമ്പനികളുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
‘ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന്, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ്.പി.ഒ (ഫോളോ-ഓൺ പബ്ലിക് ഓഫറിങ്) ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തെറ്റായ വിവരങ്ങളും അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളും കൂട്ടിക്കുഴച്ചതായിരുന്നു പ്രസ്തുത റിപ്പോർട്ട്. അവയിൽ പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭാഗവും 2004 മുതൽ 2015 വരെയുള്ളവയാണ്. അവയെല്ലാം അക്കാലത്ത് തന്നെ ഉചിതമായ രീതിയിൽ പരിഹരിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് നമ്മുടെ പ്രശസ്തിയികഴ്ത്താനും ഓഹരി വിലയിടിച്ച് ലാഭം ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ ശ്രമമായിരുന്നു” -അദാനി പറഞ്ഞു.
‘ഇതേതുടർന്നാണ് നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പൂർണ്ണമായി വിറ്റഴിച്ച എഫ്.പി.ഒ പിൻവലിച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ തീരുമാനിച്ചത്. ആരോപണങ്ങൾ ഖണ്ഡിച്ച് ഞങ്ങൾ ഉടനടി സമഗ്രമായ വിശദീകരണം പുറപ്പെടുവിച്ചപ്പോൾ, നിക്ഷിപ്ത താൽപര്യക്കാർ മുതലെടുക്കാനാണ് ശ്രമിച്ചത്. അത്തരക്കാർ വിവിധ വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു” -അദ്ദേഹം പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് അദാനിക്കെതിരെ ഉന്നയിച്ചിരുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്നും ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയർന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരു മാസത്തിനിടെ അദാനി ഓഹരികൾക്ക് 12 ലക്ഷം കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ജനുവരി 24ന് 19 ലക്ഷം കോടിയായിരുന്നു അദാനി ഓഹരികളുടെ വിപണിമൂല്യം. എന്നാൽ, റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വലിയ തകർച്ചയെ അഭിമുഖീകരിച്ചു. ഒരു മാസത്തിനുള്ളിൽ അദാനി ഓഹരികളുടെ വിപണിമൂല്യം 17.32 ലക്ഷമായി ഇടിഞ്ഞു. ഏകദേശം 12 ലക്ഷം കോടിയുടെ നഷ്ടമാണ് അദാനിക്കുണ്ടായത്.
84 ശതമാനം വരെ അദാനി ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. 52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ നിന്നാണ് അദാനി ഓഹരികളുടെ കൂപ്പുകുത്തൽ. മുകേഷ് അംബാനിയുടെ റിലയൻസിനേയും രത്തൻ ടാറ്റയുടെ ടി.സി.എസിനേയും മറികടന്ന് കുതിക്കുകയായിരുന്നു ഗൗതം അദാനിയും കമ്പനികളും.
ശതകോടീശ്വരൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് 29ാം സ്ഥാനത്തേക്ക് ഗൗതം അദാനി വീണു. ഓഹരികളിൽ അദാനി എനർജിക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. വിപണിമൂല്യത്തിൽ 84 ശതമാനം ഇടിവാണ് ഉണ്ടായത്. അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 83 ശതമാനവും ഇടിഞ്ഞു. അദാനി എൻർപ്രൈസിനും കനത്ത നഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.