ന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന് കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി തീരുമാനം. ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള 3.4 ബില്യൺ ഡോളറിന്‍റെ ഇടപാട് സുപ്രീംകോടതി തടഞ്ഞു. ഇടപാടിൽ സിംഗപ്പൂർ തർക്കപരിഹാര കോടതി ഏർപ്പെടുത്തിയ സ്റ്റേ നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ 3.4 ബില്യൺ ഡോളർ മൂല്യമുള്ള റീടെയിൽ ആസ്തികൾ വാങ്ങാനായിരുന്നു റിലയൻസിന്‍റെ പദ്ധതി. ഇതിനെതിരെ ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ആമസോണാണ് നിയമനടപടികളുമായി മുന്നോട്ട് പോയത്. ആമസോണിന് കേസിൽ മുൻതൂക്കം നൽകുന്നതാണ് സുപ്രീംകോടതിയുടെ തീരുമാനം.
കഴിഞ്ഞ വർഷമാണ് ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ റീടെയിൽ ബിസിനസ് ഏറ്റെടുക്കുകയാണെന്ന് റിലയൻസ് പ്രഖ്യാപിച്ചത്. മൊത്തവ്യാപാരം, ലോജിസ്റ്റിക്സ്, വെയർഹൗസിങ് ഉൾപ്പടെയുള്ള ബിസിനസ് റിലയൻസ് ഏറ്റെടുത്തിരുന്നു. എന്നാൽ ഇതിന് മുമ്പ് ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ ഭാഗമായ ഫ്യൂച്ചർ കൂപ്പൺസിലെ 49 ശതമാനം ഓഹരികൾ ആമസോൺ ഏറ്റെടുത്തിരുന്നു. 2019ലായിരുന്നു ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള ഇടപാട് നടന്നത്. ഇതുമായി ബന്ധപ്പെട്ട ഇടപാടിലെ കരാറിന് വിരുദ്ധമായാണ് ഓഹരികൾ റിലയൻസിന് വിൽക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ് തീരുമാനിച്ചതെന്നായിരുന്നു ആമസോൺ ആരോപണം. ഇന്ത്യൻ റീടെയിൽ വിപണിയിൽ ഒന്നാമതെത്താൻ ആമസോണും റിലയൻസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഈ മത്സരത്തിൽ ഒന്നാമതെത്താനാണ് റിലയൻസ് ഫ്യൂച്ചർ റീടെയിലിനെ ഏറ്റെടുക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.