ന്യൂഡൽഹി: ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 129.80 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 620.10 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇൻഡിഗോ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ഓപ്പറേഷൻസിൽ നിന്നുള്ള ഇൻഡിഗോയുടെ വരുമാനം 9,294.80 കോടിയായി ഉയർന്നു. 89.3 ശതമാനം വളർച്ചയാണ് ഉണ്ടായത്. വലിയ ലാഭമുണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സി.ഇ.ഒ റോണോജോയ് ദത്ത പറഞ്ഞു. ഞങ്ങളുടെ ബിസിനസ് മോഡൽ ശക്തമാണെന്നാണ് ഇത് തെളിയിക്കുന്നത്. ജീവനക്കാരാണ് എപ്പോഴും ഇൻഡിഗോയുടെ ശക്തി. കോവിഡ് പ്രതിസന്ധിയിൽ ജീവനക്കാർ എപ്പോഴും ഇൻഡിഗോയോടൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ ടിക്കറ്റിൽ നിന്നുള്ള വരുമാനം 8,073 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 98.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മറ്റ് അനുബന്ധ വരുമാനം 1,141.70 കോടിയാണ്. രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർ ഉൾപ്പടെ ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് വരുമാനത്തിൽ ഇൻഡിഗോ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.