ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഒല സി.ഇ.ഒയും; അകാല മരണത്തിന് വരെ കാരണമായേക്കുമെന്ന് ഡോക്ടർമാർ

ന്യൂഡൽഹി: ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ആശയത്തെ പിന്തുണച്ച് ഒല സി.ഇ.ഒ ഭാവിഷ് അഗർവാൾ. അതേസമയം, ആഴ്ചയിലെ 70 മണിക്കൂർ ജോലി നിരവധി ഗുരുതര രോഗങ്ങൾക്കും അകാലമരണത്തിനും വരെ കാരണമായേക്കുമെന്ന മുന്നറിയിപ്പുമായി ഡോക്ടർമാരും രംഗത്തെത്തി.

2023ലാണ് 70 മണിക്കൂർ ജോലിയെന്ന ആശയം നാരായണ മൂർത്തി മുന്നോട്ടുവെച്ചത്. വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെത്തണമെങ്കിൽ യുവാക്കൾ 70 മണിക്കൂർ ജോലി ചെയ്യണമെന്നായിരുന്നു നാരായണ മൂർത്തി പറഞ്ഞത്. ഈ പരാമർശം കഴിഞ്ഞ ദിവസം പുറത്തുവന്ന പോഡ്കാസ്റ്റിൽ ഭാവിഷ് ഏറ്റുപിടിക്കുകയായിരുന്നു. അതേസമയം, ഭാവിഷിന്റെ അഭിപ്രായത്തിനെതിരെ പല ഡോക്ടർമാരും രംഗത്തെത്തി.

ദീർഘസമയം ജോലി ചെയ്യുന്നത് നിരവധി ഗുരുതര രോഗങ്ങൾക്കും അകാലമരണത്തിനും വരെ ഇടയാക്കുമെന്ന് ഹൈദരാബാദിലെ ​അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ സുധീർ കുമാർ പറഞ്ഞു. ആഴ്ചയിൽ 55 മണിക്കൂറിലേ​റെ ജോലി ചെയ്യുന്നവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 35 ശതമാനവും ഹൃദയാഘാതത്തിനുള്ള സാധ്യത 17 ശതമാനവും 40 മണിക്കൂർ ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ അധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഴ്ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്തത് മൂലമുണ്ടാകുന്ന അസുഖങ്ങൾ കാരണം പ്രതിവർഷം 8,00,000 പേരെങ്കിലും മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീർഘമായി ജോലി ചെയ്യുന്നവരിൽ അമിതഭാരം, ടൈപ്പ് 2 പ്രമേഹം എന്നിവ കാണപ്പെടുന്നുണ്ട്. ഇവരിൽ പലർക്കും വിഷാദവും ഉണ്ടാകാറുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

സി.ഇ.ഒമാർ ജീവനക്കാരോട് ദീർഘസമയം ജോലി ചെയ്യാൻ പറയുന്നത് കമ്പനിയുടെ ലാഭം വർധിപ്പിക്കാനും അവരുടെ സമ്പത്ത് കൂട്ടാനുമാണ്. ഒരു ജീവനക്കാരന് അസുഖമുണ്ടായാൽ എളുപ്പത്തിൽ മറ്റൊരാളെ ജോലിക്ക് വെക്കാം. ജീവനക്കാരെ പരിഗണിക്കുന്ന, നല്ല ജോലിസമയമുള്ള, ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന സ്ഥാപനങ്ങൾ എല്ലാവരും തെരഞ്ഞെടുക്കണമെന്നും സുധീർ കുമാർ പറഞ്ഞു. 

Tags:    
News Summary - Ola CEO backs Infosys’ Narayana Murthy’s 70 hr work week pitch, slammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.