ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളോട് അദാനിക്ക് നൽകിയ വായ്പകളുടെ വിവരം തേടി ആർ.ബി.ഐ. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അദാനിക്ക് നൽകിയ വായ്പകളുടെ നിലവിലെ സ്ഥിതിയെന്താണെന്നും ആർ.ബി.ഐ ആരാഞ്ഞിട്ടുണ്ട്.
അതേസമയം, വാർത്തയോട് അദാനി ഗ്രൂപ്പോ ആർ.ബി.ഐയോ പ്രതികരിച്ചിട്ടില്ല. സി.എൽ.എസ്.എയുടെ റിപ്പോർട്ട് പ്രകാരം അദാനിയുടെ വായ്പയിൽ 40 ശതമാനമാണ് ഇന്ത്യൻ ബാങ്കുകൾ നൽകിയിരിക്കുന്നത്. ഇതിൽ 10 ശതമാനം സ്വകാര്യ ബാങ്കുകളും 30 ശതമാനം പൊതുമേഖല ബാങ്കുകളുമാണ് കൊടുത്തിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷം കോടിയുടെ കടം അദാനിക്കുണ്ടെന്നാണ് നിഗമനം. ക്രെഡിറ്റ് സൂസി അടക്കമുള്ള റേറ്റിങ് ഏജൻസികൾ അദാനിയുടെ ബാധ്യതകൾ സംബന്ധിച്ച് ഏകദേശ കണക്കുകൾ പുറത്തുവിട്ടിരുന്നു.
അദാനിയുടെ വായ്പയിൽ 7,000 കോടി നൽകിയത് പഞ്ചാബ് നാഷണൽ ബാങ്കായിരുന്നു. എന്നാൽ മറ്റ് പൊതുമേഖല ബാങ്കുകൾ നൽകിയ വായ്പയുടെ കണക്കുകൾ പുറത്ത് വന്നിട്ടില്ല. നേരത്തെ അദാനിയുടെ ഓഹരികൾക്ക് വൻ ഇടിവ് രേഖപ്പെടുത്തിയതോടെ ഇതുസംബന്ധിച്ച് സെബി അന്വേഷണം ആരംഭിച്ചിരുന്നു. സിറ്റി ഗ്രൂപ്പും ക്രെഡിറ്റ് സൂസിയും അദാനിയുടെ സെക്യൂരിറ്റികൾ സ്വീകരിക്കുന്നത് നിർത്തിയിരുന്നു.
ഓഹരി വിപണിയിൽ തിരിച്ചടിയേറ്റതോടെ ഫോളോ ഓൺ പബ്ലിക് ഓഫറിൽ നിന്ന് അദാനി ഗ്രൂപ്പ് പിൻവാങ്ങിയിരുന്നു. ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഓഹരി വിപണിയിൽ അദാനിക്ക് തിരിച്ചടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.