മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസും. ജനുവരി 22ന് കമ്പനിയുടെ രാജ്യത്തുള്ള മുഴുവൻ ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് റിലയൻസ് അറിയിച്ചു. ജീവനക്കാർക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനും ചരിത്ര ദിവസം ആഘോഷിക്കാനുമാണ് അവധി നൽകിയതെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്.
രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, റൂറൽ ബാങ്കുകൾ എന്നിവയെല്ലാം ജനുവരി 22ന് ഉച്ചവരെ പ്രവർത്തിക്കില്ലെന്ന് ധനകാര്യമന്ത്രാലയം ജനുവരി 18ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
മഹാരാഷ്ട്ര സർക്കാറും ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് ബാങ്കും ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സെക്യൂരിറ്റികളുടെ ഇടപാട്, മണി മാർക്കറ്റുകൾ എന്നിവ ജനുവരി 22ന് പ്രവർത്തിക്കില്ലെന്നും ആർ.ബി.ഐ അറിയിച്ചു. ജനുവരി 22ന് ഓഹരി ഇടപാടുകൾ നടക്കില്ലെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും അറിയിച്ചു. മഹാരാഷ്ട്രക്ക് പുറമേ മറ്റ് നിരവധി സംസ്ഥാനങ്ങളും രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്ന ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.