ന്യൂഡൽഹി: കടക്കെണിയിൽനിന്ന് കരകയറ്റാൻ സർക്കാറിന് കഴിയാതെപോയ എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിനു സ്വന്തം. രാജ്യത്തെ ഏറ്റവും വലിയ, ഏക പൊതുേമഖല വിമാനക്കമ്പനി സ്വന്തമാക്കാൻ ടാറ്റ സൺസ് നൽകിയ താൽപര്യപത്രം കേന്ദ്രസർക്കാർ അംഗീകരിച്ചു. 18,000 കോടി രൂപക്കാണ് കൈമാറ്റം. 2700 കോടി റൊക്കം പണമായി സർക്കാറിന് നൽകും; 15,300 കോടിയുടെ കടം ഏറ്റെടുക്കും.
പ്രതിദിനം 20 കോടി രൂപ എന്ന കണക്കിൽ കടം പെരുപ്പിച്ചുവരുന്ന എയർ ഇന്ത്യയുടെ മൊത്തം കടബാധ്യത ആഗസ്റ്റ് 31വരെ 61,562 കോടിയിൽപരം രൂപയാണ്. ഇതിൽ ടാറ്റ ഏറ്റെടുക്കുന്നതു കഴിച്ച് 46,262 കോടി സർക്കാർ രൂപവത്കരിച്ച എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കു മാറ്റുമെന്ന് നിക്ഷേപ, പൊതുസ്വത്ത് നിർവഹണ വിഭാഗം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ അറിയിച്ചു. എയർ ഇന്ത്യയുടെ 14,718 കോടി രൂപ വില കണക്കാക്കുന്ന ഭൂമിയോ കെട്ടിടങ്ങളോ ഈ കൈമാറ്റത്തിൽ ഉൾപ്പെടുന്നില്ല. അത് സർക്കാറിനു കീഴിലെ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് കമ്പനിക്ക് കൊടുക്കും.
ഒരുവർഷത്തേക്ക് ജീവനക്കാരിൽ ആരെയും പിരിച്ചുവിടില്ല. അതിനുശേഷം സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കും. എല്ലാ ജീവനക്കാർക്കും ഗ്രാറ്റ്വിറ്റി, പ്രോവിഡൻറ് ഫണ്ട് ആനുകൂല്യങ്ങൾ നൽകും. പൈലറ്റുമാർ അടക്കം 12,085 ജീവനക്കാരാണ് എയർ ഇന്ത്യയിലുള്ളത്. ഇതിൽ 8,084 പേർ സ്ഥിര ജീവനക്കാരാണ്. കൂടാതെ, എയർ ഇന്ത്യ എക്സ്പ്രസിനു കീഴിൽ 1,434 പേരുണ്ട്.
എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് ടാറ്റ രൂപവത്കരിച്ച താലസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് മുഴുവൻ ഓഹരികളും നിയന്ത്രണവും കൈമാറുന്നത്. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിെൻറയും മുഴുവൻ ഓഹരികളും ടാറ്റക്ക് നൽകും. ഇതിനുപുറമെ ഗ്രൗണ്ട് ഹാൻഡിലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവിസസ് പ്രൈവറ്റ് ലിമിറ്റഡിെൻറ പകുതി ഓഹരിയും കൈമാറും. കൈമാറ്റം ഈ വർഷാവസാനത്തിനുമുമ്പ് പൂർത്തിയാക്കും.
ദേശസാത്കരിച്ച് ഏഴു പതിറ്റാണ്ടിനുശേഷം എയർ ഇന്ത്യ തിരിച്ചുപിടിക്കുകയാണ് ടാറ്റ. 90 വർഷം മുമ്പ് ഈ വിമാനക്കമ്പനി സ്ഥാപിച്ചത് ജെ.ആർ.ഡി ടാറ്റയാണ്. 1932ൽ ടാറ്റ എയർ സർവിസസ് എന്ന പേരിലാണ് തുടക്കം. 1953ൽ കമ്പനി സർക്കാർ ദേശസാത്കരിച്ചു. 1977 വരെ അദ്ദേഹം ചെയർമാനായി തുടർന്നു. ഇന്നിപ്പോൾ ഉപ്പുമുതൽ വിമാനം വരെയുള്ള ബിസിനസ് സാമ്രാജ്യത്തിെൻറ പുതിയ ചിറകു വിടർത്തുകയാണ് ടാറ്റ സൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.