ന്യൂഡൽഹി: എയർ ഇന്ത്യയെ അടിമുടി പരിഷ്കരിക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയെ വ്യാഴാഴ്ച ഔദ്യോഗികമായി ഏറ്റെടുക്കാൻ ഒരുങ്ങുന്നതിന് മുമ്പാണ് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ടാറ്റ ഗ്രൂപ്പ് സൂചനകൾ നൽകുന്നത്.
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്താൽ സമയക്രമത്തിലെ കണിശതയായിരിക്കും ആദ്യം കൊണ്ടു വരിക. നിലവിൽ എയർ ഇന്ത്യ ഏറ്റവും കൂടുതൽ പഴികേൾക്കുന്നത് സമയക്രമത്തിലെ കണിശതയില്ലായ്മക്കാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻഎത്തുന്നവർക്ക് രത്തൻ ടാറ്റയുടെ പ്രത്യേക സന്ദേശവുമുണ്ടാകും. വ്യാഴാഴ്ച മുതൽ തന്നെ പല സർവീസുകളിൽ ഭക്ഷണത്തിെൻറ മെനു മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫ്രണ്ട്ലൈൻ സ്റ്റാഫിനുള്ള നിർദേശങ്ങൾ എന്ന പേരിലാവും മാറ്റങ്ങൾക്ക് തുടക്കമിടുക. ഇതുമായി ബന്ധപ്പെട്ട് കാബിൻ ക്രൂ അംഗങ്ങൾക്ക് ടാറ്റ മെയിൽ അയച്ചിരുന്നു. ഇന്ന് രാത്രി മുതൽ പൊതുമേഖലയിൽ നിന്നും സ്വകാര്യമേഖലയിലേക്ക് എയർ ഇന്ത്യ മാറുകയാണ്. അടുത്ത ഏഴ് ദിവസം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വലിയ മാറ്റങ്ങൾ നമ്മുടെ സമീപനത്തിൽ ഉണ്ടാവണമെന്നാണ് മെയിലിലെ ഉള്ളടക്കം.
ആദ്യഘട്ടത്തിൽ ഡൽഹി-മുംബൈ റൂട്ടിലും പിന്നീട് ഗൾഫ് സെക്ടറിലുമാവും മാറ്റങ്ങൾക്ക് തുടക്കമിടുക. പിന്നീട് യു.എസ്, യു.കെ വിമാനങ്ങളിലും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കും. അതേസമയം, വിമാനങ്ങളുടെ അപ്ഗ്രഡേഷൻ ഉൾപ്പടെയുള്ളവ അടിയന്തരമായി ടാറ്റ ഗ്രൂപ്പ് നടപ്പിലാക്കില്ലെന്നാണ് സൂചന.
എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുമ്പ് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ എയർ ഇന്ത്യയുടെ ബോർഡിൽ സർക്കാർ നോമിനികൾക്ക് പകരം ടാറ്റ ഗ്രൂപ്പ് നിർദേശിക്കുന്ന ആളുകൾ വരുമെന്നാണ് വാർത്തകൾ.
നേരത്തെ എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തിെൻറ ഭാഗമായി കേന്ദ്രസർക്കാർ കമ്പനിയുടെ മുഴുവൻ ഓഹരികളും ടാറ്റ ഗ്രൂപ്പിന് വിൽക്കുകയായിരുന്നു. 18,000 കോടിയുടെ ഇടപാടാണ് കേന്ദ്രസർക്കാറും ടാറ്റയും തമ്മിൽ നടത്തിയത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ ഓഹരികളും എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഹാൻഡലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് നൽകിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.