ന്യൂഡൽഹി: ഇന്ത്യൻ ഐ.ടി മേഖലയിൽ പുതുമുഖ ജീവനക്കാരെ ചൂഷണം ചെയ്യുകയാണെന്ന പ്രസ്താവനയുമായി മുൻ ഡയറക്ടർ മോഹൻദാസ് പൈ. കഴിഞ്ഞ 10 വർഷമായി ഐ.ടി മേഖലയിൽ ഇതാണ് നടക്കുന്നതെന്ന് ആരിൻ കാപ്പിറ്റൽ ചെയർമാനുമായ പൈ പറഞ്ഞു. രൂപയുടെ മൂല്യമിടിഞ്ഞതിനാൽ വലിയ ലാഭമാണ് ഐ.ടി കമ്പനികൾ ഉണ്ടാക്കുന്നത്. നേരത്തെ ഉണ്ടാക്കിയതിലും 14 ശതമാനം അധികമാണ് ഇപ്പോഴത്തെ കമ്പനികളുടെ വരുമാനം.
നല്ല വരുമാനമുണ്ടാവുമ്പോൾ കമ്പനിയിലെ ഉന്നത പദവിയിലുള്ള ജീവനക്കാർക്ക് അവർ ശമ്പള വർധനവ് നൽകുന്നു. എന്നാൽ, പുതുമുഖക്കാരെ ശമ്പളവർധനവിൽ നിന്നും അവഗണിക്കുകയാണ് പതിവെന്ന് അദ്ദേഹം ആരോപിച്ചു. സി.എക്സ്.ഒ പോലുള്ള പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഐ.ടി കമ്പനികൾ സാധാരണയായി ഉയർന്ന ശമ്പളം നൽകാറുണ്ട്. എന്നാൽ, താഴെക്കിടയിലുള്ളവരെ കമ്പനികൾ അവഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
എച്ച്.സി.എൽ സി.ഇ.ഒ സി.വിജയകുമാർ പ്രതിവർഷം 123 കോടിയാണ് ശമ്പളമായി വാങ്ങുന്നത്. ഇൻഫോസിസ് സി.ഇ.ഒ സലീൽ പരേഖിന്റെ പ്രതിവർഷ ശമ്പളം 88 ശതമാനം ഉയർത്തി 79 കോടിയാക്കിയിരുന്നു. വിപ്രോ സി.ഇ.ഒയും ശമ്പളമായി 79.8 കോടി ശമ്പളമായി വാങ്ങുന്നുണ്ട്. ഇതിനിടെയാണ് മോഹൻദാസ് പൈയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്
കഴിഞ്ഞ പത്ത് വർഷമായി പുതുമുഖക്കാരെ ഐ.ടി വ്യവസായ മേഖല ചൂഷണം ചെയ്യുകയാണ്. 2008-09 കാലയളവിൽ നൽകിയിരുന്ന 3.5-3.8 ലക്ഷം രൂപ തന്നെയാണ് പുതുമുഖങ്ങൾക്ക് കമ്പനികൾ ഇപ്പോഴും ശമ്പളമായി നൽകുന്നത്. ഇക്കാര്യത്തിൽ സീനിയർ പോസ്റ്റിലുള്ള ഉദ്യോഗസ്ഥരാണ് വിട്ടുവീഴ്ചക്ക് തയാറാവേണ്ടത്. ജൂനിയേഴ്സ് കുറഞ്ഞ ശമ്പളം വാങ്ങുമ്പോൾ സീനിയേഴ്സിന് എങ്ങനെയാണ് ഉയർന്ന ശമ്പളം വാങ്ങാൻ സാധിക്കുന്നതെന്നും മോഹൻദാസ് പൈ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.