ന്യൂഡൽഹി: ടെലികോം മേഖലയിൽ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന വോഡഫോൺ ഐഡിയയുടെ രക്ഷക്കായി എസ്.ബി.ഐ എത്തുമെന്ന് റിപ്പോർട്ട്. വായ്പക്കായി കമ്പനി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കുമായി ചർച്ചകൾ തുടങ്ങിയെന്നാണ് വാർത്തകൾ. കമ്പനിയിലെ വലിയ ഓഹരി ഉടമകൾ എത്രത്തോളം പണം വോഡഫോൺ ഐഡിയക്കായി ഇനി മുടക്കുമെന്ന വിവരം എസ്.ബി.ഐ ആരാഞ്ഞിട്ടുണ്ട്.
ഇതിനൊപ്പം കമ്പനിയുടെ വിശദമായ താരിഫ് പ്ലാൻ, ലാഭത്തിലേക്ക് എത്താനായി വോഡഫോൺ ഐഡിയ തയാറാക്കിയ പദ്ധതി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും എസ്.ബി.ഐ തേടിയിട്ടുണ്ട്. ഈ വിവരങ്ങൾ എസ്.ബി.ഐക്ക് നൽകാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് റിപ്പോർട്ട്. അതേസമയം, വായ്പ നൽകുന്നത് സംബന്ധിച്ച് എസ്.ബി.ഐയിൽനിന്ന് വോഡഫോൺ ഐഡിയക്ക് ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
2016ൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ എത്തിയതിന് ശേഷം കമ്പനി ലാഭത്തിലേക്ക് വന്നിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലയളവിനുള്ളിൽ നിരവധി ഉപയോക്താക്കളേയും നഷ്ടപ്പെട്ടു. ഇതിനിടെ കഴിഞ്ഞ സെപ്തംബറിൽ കേന്ദ്രസർക്കാർ നൽകിയ ചില ഇളവുകൾ വോഡഫോൺ ഐഡിയക്ക് ഗുണകരമായിരുന്നു. നിലവിൽ 1.9 ട്രില്യൺ രൂപയാണ് വോഡഫോൺ ഐഡിയയുടെ കടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.