ന്യൂഡൽഹി: അക്കൗണ്ടിൽ ബാലൻസ് തുകയുണ്ടെങ്കിലും ‘നോ യുവർ കസ്റ്റമർ’ (കെ.വൈ.സി) പ്രക്രിയ പൂർത്തിയാക്കാത്ത ഫാസ്ടാഗുകൾ ജനുവരി 31ന് ശേഷം ഉപയോഗിക്കാൻ കഴിയില്ല.
ഇത്തരം ഫാസ്ടാഗുകൾ ബന്ധപ്പെട്ട ബാങ്കുകൾ നിർജീവമാക്കുകയോ കരിമ്പട്ടികയിൽപ്പെടുത്തുകയോ ചെയ്യുമെന്ന് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) അറിയിച്ചു.
ഫാസ്ടാഗുകളുടെ ദുരുപയോഗം തടയാൻ ‘ഒരു വാഹനം, ഒരു ഫാസ്ടാഗ്’ എന്ന നയമാണ് അതോറിറ്റി ആവിഷ്കരിച്ചിരിക്കുന്നത്. ഒരു ഫാസ്ടാഗ് വിവിധ വാഹനങ്ങൾക്ക് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകൾ ഒരു വാഹനവുമായി ബന്ധിപ്പിക്കുന്നതും തടയുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.
കെ.വൈ.സി പ്രക്രിയ പൂർത്തിയാകാതെ ഫാസ്ടാഗ് നൽകുന്നതും വാഹനത്തിന്റെ വിൻഡ്സ്ക്രീനിൽ ഫാസ്ടാഗ് പതിക്കാത്തതുമൂലം ടോൾ പ്ലാസകളിൽ സമയനഷ്ടമുണ്ടാകുന്നതും തടയും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ഏറ്റവും പുതിയ ഫാസ്ടാഗിന്റെ കെ.വൈ.സി പ്രക്രിയ ജനുവരി 31നകം പൂർത്തിയാക്കണമെന്നാണ് എൻ.എച്ച്.എ.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നിലധികം ഫാസ്ടാഗുകൾ എടുത്തവരുടെ മറ്റ് ഫാസ്ടാഗുകൾ ജനുവരി 31ന് ശേഷം ഉപയോഗക്ഷമമല്ലാതാകും.
കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കുന്നതിനും മറ്റ് സഹായങ്ങൾക്കും സമീപത്തെ ടോൾ പ്ലാസകളുമായോ ബന്ധപ്പെട്ട ബാങ്കിന്റെ ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.