ന്യൂയോർക്ക്: അദാനി ഗ്രൂപ്പിന് കനത്ത ആഘാതമേൽപിച്ച് യു.എസ് ഓഹരിസൂചികയായ ഡൗ ജോൺസ്. അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസിനെ ഫെബ്രുവരി 7 മുതൽ ഡൗ ജോൺസ് സുസ്ഥിര സൂചികകളിൽ നിന്ന് പുറത്താക്കി. ഓഹരിവിപണിയിലെ അദാനിയുടെ കള്ളക്കളികൾ ഹിൻഡൻബർഗ് തുറന്നുകാട്ടിയതിന്റെ തിരിച്ചടിയിൽ അദാനി ഗ്രപ്പ് പകച്ചുനിൽക്കെയാണ് പുതിയ തീരുമാനം.
മാധ്യമങ്ങളുടെയും ഓഹരി ഉടമകളുടെയും വിശകലനത്തെ തുടർന്നാണ് അദാനി എന്റർപ്രൈസസിനെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് എസ് ആന്റ് പി ഡൗ ജോൺസ് ഇൻഡക്സസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ജനുവരി 24 നാണ് അദാനി ഗ്രൂപ്പിനെതിരെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന് ഓഹരിവിപണിയിൽ കനത്ത തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പിന് 108 ബില്യൺ ഡോളറാണ് നഷ്ടമായത്. അദാനി ഗ്രൂപ്പിന്റെ 20,000 കോടി രൂപയുടെ തുടർ ഓഹരി വിൽപന (എഫ്.പി.ഒ) കഴിഞ്ഞ ദിവസം രാത്രി റദ്ദാക്കിയിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാർഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണ് ഹിൻഡൻബർഗിന്‍റെ ആരോപണമെന്നായിരുന്നു അദാനിയുടെ പ്രതികരണം. ‘ഓഹരി വിപണിയിലെ കള്ളക്കളികളടക്കമുള്ള ആരോപണങ്ങൾ കളവല്ലാതെ മറ്റൊന്നുമല്ല. ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢോദ്ദേശ്യത്തോടുള്ളതും വ്യാജ വിപണി സൃഷ്ടിക്കാനുമുള്ളതാണ് റിപ്പോർട്ട്. അദാനി എന്റർപ്രൈസസ് തുടർ ഓഹരി വിൽപന തുടങ്ങുന്ന സമയത്തുതന്നെ റിപ്പോർട്ട് വന്നത് ഹിൻഡൻബർഗിന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യുന്നതാണ്. ഓഹരി വിപണിയിൽ ഇടപെടുന്ന ഹിൻഡൻബർഗിന്റെ ഇടപെടൽ വ്യാജ വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണ്’ എന്നായിരുന്നു അദാനി ഗ്രൂപിന്റെ വിശദീകരണം.
എന്നാൽ, തട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ലെന്ന് അദാനിക്ക് ഹിൻഡൻബർഗ് റിസർച്ച് മറുപടി നൽകി. ലോകത്തെ അതിസമ്പന്നരിൽ ഒരാളാണ് ചെയ്യുന്നതെങ്കിൽ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.