ന്യൂഡൽഹി: ഇന്ത്യൻ നിർമ്മാണമേഖലയിൽ പിടിമുറുക്കാനൊരുങ്ങി ഗൗതം അദാനി. സ്വിസ് സ്ഥാപനമായ ഹോൾസിമ്മിന്റെ ഇന്ത്യൻ ലിസ്റ്റഡ് കമ്പനികളായ എ.സി.സി ലിമിറ്റഡ്, അംബുജ സിമന്റ് എന്നിവയുടെ ഓഹരികൾ വാങ്ങാൻ അദാനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി 31,000 കോടിയുടെ ഓപ്പൺ ഓഫർ കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. 26 ശതമാനം ഓഹരികളാവും വാങ്ങുക.
കഴിഞ്ഞ മേയിൽ തന്നെ ഹോൾസിം ഇന്ത്യയുടെ ഓഹരികൾ 10.5 ബില്യൺ ഡോളർ മുടക്കി വാങ്ങുമെന്ന് അദാനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിമന്റ് കമ്പനികളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾക്ക് അദാനി തുടക്കമിട്ടിരിക്കുന്നത്.
സെബി കഴിഞ്ഞയാഴ്ചയാണ് അദാനിയുടെ ഓപ്പൺ ഓഫറിന് അനുമതി നൽകിയത്. പൂർണമായും ഓപ്പൺ ഓഫർ സബ്സ്ക്രൈബ് ചെയ്താൽ ഏകദേശം 31,000 കോടിയായിരിക്കും അതിന്റെ മൂല്യം. ആഗസ്റ്റ് ആറിനാണ് ഓപ്പൺ ഓഫർ തുടങ്ങുന്നത് സെപ്തംബർ ഒമ്പതിന് അവസാനിക്കുകയും ചെയ്യും.
385 രൂപ ഓഹരിയൊന്നിന് നൽകിയാണ് അംബുജ സിമന്റിലെ അദാനിയുടെ ഓപ്പൺ ഓഫർ. എ.സി.സിക്കായി 2300 രൂപയും നൽകും. അംബുജ സിമന്റിലെ 51.63 കോടി ഓഹരികൾ 19,879.57 കോടി രൂപ മുടക്കിയാവും വാങ്ങുക. എ.സി.സിയുടെ 4.86 കോടി ഓഹരികൾ 11,259.97 കോടി രൂപ മുടക്കിയും സ്വന്തമാക്കും. അതേസമയം ഇന്ത്യൻ ഓഹരി വിപണിയിൽ ഇരു കമ്പനികളുടേയും ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.