കൊക്കോക്ക്‌ ചരിത്ര നേട്ടം; റബർ ക്ഷാമം രൂക്ഷം

അന്താരാഷ്‌ട്ര വിപണിക്കൊപ്പം കേരളത്തിലെ കൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച്‌ ഉൽപന്ന വില ചിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. മധ്യകേരളത്തിൽ കൊക്കോ വില കിലോ 425 രൂപയിൽ നിന്നും 500 രൂപയായി ഉയർന്ന്‌ വിപണനം നടന്നു. പച്ച കൊക്കോ 195 രൂപയായും കയറി. വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വില നേട്ടമാക്കാൻ ഉൽപാദകർ കൈവശമുള്ള കൊക്കോ വിറ്റുമാറാൻ വാരാവസാനം ഉത്സാഹിച്ചു. വൻകിട ചെറുകിട ചോക്‍ലറ്റ്‌ നിർമാതാക്കളും ബേക്കറി വിതരണക്കാരും ചരക്ക്‌ ശേഖരിക്കാൻ രംഗത്തുണ്ട്‌.

ബഹുരാഷ്‌ട്ര ചോക്‍ലറ്റ്‌ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡിൽ റെക്കോഡ്‌ വിലയിലാണ് ആഗോള വിപണിയിലെ ഇടപാടുകൾ. ജനുവരി ആദ്യം ന്യൂയോർക്കിൽ ടണ്ണിന്‌ 4034 ഡോളറിൽ നീങ്ങിയ കൊക്കോ കേവലം രണ്ടുമാസം കൊണ്ട്‌ മുന്നേറിയത്‌ 3000 ഡോളറിന്‌ അടുത്താണ്‌. പിന്നിട്ടവാരം സർവകാല റെക്കോഡായ 6929 ഡോളർ വരെ ഉയർന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ വിളവ്‌ മോശമായതാണ്‌ കുതിച്ചുചാട്ടത്തിന്‌ കാരണം.

ഹൈറേഞ്ചിൽ കുരുമുളക്‌ വിളവെടുപ്പ്‌ ഊർജിതമായ തക്കത്തിന്‌ വിദേശ ചരക്കും ആഭ്യന്തര മാർക്കറ്റിൽ ഇറക്കി വിപണിയുടെ താളം തെറ്റിക്കാൻ വ്യവസായികൾ നീക്കം നടത്തി. മാസാരംഭത്തെ അപേക്ഷിച്ച്‌ ഫെബ്രുവരി അവസാനവാരം നാടൻ ചരക്ക്‌ കാര്യമായി വിൽപനക്ക് ഇറങ്ങിയില്ല. അതേ സമയം വിദേശ ചരക്ക്‌ കലർത്തി പഴയ മുളക്‌ വിറ്റഴിക്കാനുള്ള നീക്കം പല ഭാഗങ്ങളിലും നടന്നു. ആഭ്യന്തര വിപണിയിലെ വിൽപന സമ്മർദത്തിനിടയിൽ ഇന്ത്യൻ കുരുമുളക്‌ വില അന്താരാഷ്‌ട്ര വിപണിയിൽ വീണ്ടും ഇടിഞ്ഞു. ടണ്ണിന്‌ 6000 ഡോളറിലേക്ക്‌ അടുത്തത്‌ പുതിയ വിദേശ വ്യാപാരങ്ങൾക്ക്‌ അവസരം ഒരക്കുമെന്ന നിഗമനത്തിലാണ്‌ ഒരു വിഭാഗം കയറ്റുമതിക്കാർ.

വില ഉയർത്തി ചുക്ക്‌ സംഭരിക്കാൻ അന്തർസംസ്ഥാന വാങ്ങലുകാരും കയറ്റുമതിക്കാരും ഉത്സാഹിച്ചു. റമദാൻ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ്‌ കയറ്റുമതി മേഖല ചരക്ക്‌ സംഭരിക്കുന്നത്‌. മികച്ചയിനങ്ങളുടെ വില 39,000 രൂപ വരെ കയറി. ഏഷ്യൻ വിപണികളിൽ റബർ ക്ഷാമം രൂക്ഷമെങ്കിലും നിരക്ക്‌ അമിതമായി ഉയർത്തി ചരക്ക്‌ സംഭരിക്കാൻ ടയർ ഭീമന്മാർ തയാറായില്ല. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ മൂന്നാം ഗ്രേഡ്‌ റബർ വില 19,300 വരെ ഉയർന്നു. എന്നാൽ, കേരളത്തിലെ വിപണികളിൽ മികച്ചയിനങ്ങൾക്ക്‌ 16,700 മറികടക്കാനായില്ല. വൻവില മോഹിച്ച്‌ കർഷകർ ചരക്ക്‌ പിടിക്കുന്നതിനാൽ കൊച്ചി, മലബാർ, കോട്ടയം വിപണികളിൽ ഷീറ്റുവരവ്‌ നാമമാത്രം.

നാളികേരോൽപന്നങ്ങളുടെ വില കുറഞ്ഞു. പ്രദേശിക തലത്തിൽ വെളിച്ചെണ്ണക്ക്‌ ആവശ്യം ഉയരാഞ്ഞതിനാൽ സ്‌റ്റോക്കുള്ള എണ്ണ വിറ്റുമാറാൻ മില്ലുകാർ തിടുക്കം കാണിക്കുന്നുണ്ട്‌. അതേസമയം പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ്‌ മുന്നേറുന്ന പശ്ചാത്തലത്തിൽ വിപണിക്ക്‌ ഉയർന്ന തലത്തിൽ പിടിച്ചുനിൽക്കാൻ ഏറെ ക്ലേശിക്കേണ്ടിവരാം. പകൽചൂട്‌ ഉയർന്നതിനാൽ വിളവെടുപ്പിൽ ഏറിയപങ്കും ഉൽപാദകർ കൊപ്രയാക്കുന്നുണ്ട്‌. കൊച്ചിയിൽ കൊപ്ര വില 9200 രൂപ.   

Tags:    
News Summary - Cocoa price increased in market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT