ഹിൻഡൻബർഗ് ആഘാതം തുടരുന്നു; ഇന്നും കനത്ത നഷ്ടത്തിൽ അദാനി ഓഹരികൾ

ഹിൻഡൻബർഗ് റിപ്പോർട്ട് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാനാകാതെ അദാനി ഓഹരികൾ. വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ അംബുജ സിമന്‍റ്സ് ഒഴികെ അദാനി ഗ്രൂപ്പിന് കീഴിലെ മറ്റെല്ലാ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഇന്നലെ എഫ്.പി.ഒ റദ്ദാക്കിയ അദാനി എന്‍റർപ്രൈസാണ് ഇന്ന് കനത്ത തിരിച്ചടി നേരിട്ടത്. 26.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവ ലോവർ സർക്യൂട്ടായ 10 ശതമാനത്തിലേക്ക് ഇടിഞ്ഞു. എൻ.ഡി.ടി.വി, അദാനി പവർ, അദാനി വിൽമർ എന്നിവയും അഞ്ച് ശതമാനത്തിന്‍റെ ലോവർ സർക്യൂട്ടിലേക്ക് ഇടിഞ്ഞു. അദാനി പോർട്ട്സ് 6.60 ശതമാനവും എ.സി.സി 0.28 ശതമാനവും ഇടിഞ്ഞു. അതേസമയം അംബുജ സിമന്‍റ്സ് 5.52 ശതമാനം നേട്ടമുണ്ടാക്കി.

അദാനി എന്‍റർപ്രൈസ് ഉൾപ്പെടെ മിക്ക ഓഹരികളും വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട് കനത്ത ഇടിവിലേക്ക് വീഴുകയായിരുന്നു. എൻ.എസ്.ഇ നിഫ്റ്റി ഇന്ന് 0.03 ശതമാനം നഷ്ടത്തിൽ 17,610ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 0.38 ശതമാനം നേട്ടത്തിൽ 59,932ലും ക്ലോസ് ചെയ്തു.

അദാനി ഓഹരികൾ കനത്ത ഇടിവ് തുടരുന്ന പശ്ചാത്തലത്തിൽ അദാനിയുടെ സെക്യൂരിറ്റികളിൽ വായ്പ നൽകുന്നത് നിർത്തിയതായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ സിറ്റി ഗ്രൂപ്പും ക്രെഡിറ്റ് സ്വീസും പ്രഖ്യാപിച്ചിരുന്നു. അദാനിക്ക് നൽകിയ വായ്പകളുടെ റിപ്പോർട്ട് നൽകാൻ റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്നും അദാനി ഓഹരികളിൽ കനത്ത വിൽപ്പന നടന്നത്.

അദാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് അദാനി ഓഹരികളിൽ വൻ ഇടിവ് തുടങ്ങിയത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ഓഹരി വില വൻതോതിൽ ഇടിയുകയായിരുന്നു.

Tags:    
News Summary - Contagion continues! Most Adani group stocks hit lower circuits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT