മുംബൈ: സ്വർണവില റോക്കറ്റുപോലെ കുതിച്ചുയർന്നിട്ടും വിൽപന മൂല്യം മുൻവർഷത്തേക്കാൾ വർധിച്ചതായി കണക്കുകൾ. ദീപാവലിക്ക് മുന്നോടിയായുള്ള ‘ധൻതേരാസ്’ ആഘോഷത്തോടനുബന്ധിച്ചാണ് സ്വർണ വില്പനയിൽ വൻവർധനവ് രേഖപ്പെടുത്തിയത്. സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിട്ടുകൂടി ഇന്ത്യയെമ്പാടും കഴിഞ്ഞവർഷത്തേക്കാൾ 20ശതമാനം വരെ വിൽപന വർധിച്ചു. 18 കാരറ്റ് ആഭരണങ്ങൾക്കും വൻതോതിൽ ഡിമാൻഡ് അനുഭവപ്പെട്ടു.
വജ്ര ആഭരണങ്ങളുടെ വിൽപനയിൽ 12 മുതൽ 15 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്. പോൽക്കീ, കുന്തൻ തുടങ്ങിയ കല്ല് പതിച്ച ആഭരണങ്ങൾക്കും ഡിമാൻഡ് കൂടി. വെള്ളിയുടെ വിൽപന കഴിഞ്ഞ കാലങ്ങളിലെ റെക്കോഡുകൾ എല്ലാം തകർത്തു 35 ശതമാനത്തിലധികമായി ഉയർന്നു. ആഭരണങ്ങൾ കൂടാതെ ഡിന്നർ സെറ്റുകളും വിളക്കുകളും ജലധാര യന്ത്രങ്ങളും മറ്റു വീട്ടുപകരണങ്ങളും ഫർണിച്ചറും കൂടി വെള്ളിയിൽ തീർത്ത് വിപണിയിൽ എത്തിയതോടെ വിൽപന വലിയതോതിൽ കൂടുന്നതായാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. കസ്റ്റംസ് ഡ്യൂട്ടിയിൽ ഒമ്പത് ശതമാനം ഇളവ് വന്നതോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉണർവ് പ്രകടമായിട്ടുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ വില 40% കൂടുതലാണെങ്കിലും ഈ വർഷം വെള്ളി വിൽപന 30-35% ഉയർന്നതായി ഇന്ത്യൻ ബുള്ളിയൻ & ജ്വല്ലേഴ്‌സ് അസോസിയേഷൻ (IBJA) ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു. സ്വർണത്തിന് വില കുതിച്ചുയർന്നതാണ് പലരെയും വെള്ളി വാങ്ങാൻ പ്രേരിപ്പിച്ചതെന്നും ആദ്യമായാണ് വെള്ളിക്ക് ഇത്രയും വലിയ ഡിമാൻഡ് അനുഭവപ്പെടുന്നതെന്നും മേത്ത പറഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷത്തെ ഉത്സവ സീസൺ അപേക്ഷിച്ച് വിറ്റ സ്വർണത്തിന്റെ തൂക്കം ഇത്തവണ കുറഞ്ഞെങ്കിലും മൂല്യം വർധിച്ചു. 2023ൽ 42 ടൺ സ്വർണമാണ് ഉപഭോക്താക്കൾ വാങ്ങിയത്. ഇത്തവണ ഇത് 35-36 ടണ്ണായി ചുരുങ്ങി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% കുറവ്. എന്നാൽ, വിലയിൽ മുൻവർഷതത്തേക്കാൾ ഏകദേശം 30% വർധനയുണ്ടായതിനാൽ 20 ശതമാനത്തോളം അധികം തുകയുടെ സ്വർണമാണ് ഇത്തവണ വിറ്റുപോയത്. 2023ൽ 24,000 കോടിയുടെ ഇടപാടാണ് നടന്നതെങ്കിൽ ഇത്തവണ ഏകദേശം 28,000 കോടി രൂപയുടെ കച്ചവടം നടന്നു.
അതേസമയം, ഉപഭോക്താക്കൾ കറൻസി നൽകി സ്വർണം വാങ്ങുന്ന പ്രവണത കുറഞ്ഞുവരികയാണ്. പകരം നെഫ്റ്റ്, ആർടിജിഎസ് തുടങ്ങിയ ഡിജിറ്റൽ പണമിടപാടാണ് കൂടുതൽ നടക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ദീപാവലി സീസണിൽ കേരള വിപണിയിലും മികച്ച പ്രതികരണം ഉണ്ടായതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.