ഒടുവിൽ പച്ച കത്തി; കനത്ത വീഴ്ചക്കൊടുവിൽ അദാനി ഓഹരികൾക്ക് കുതിപ്പ്

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ട് ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് ഇനിയും കരകയറാനാകാത്ത അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾക്ക് ചൊവ്വാഴ്ച വിപണിയിൽ നേരിയ ആശ്വാസം. തുടർച്ചയായ ഇടിവുകൾക്കൊടുവിൽ ചൊവ്വാഴ്ച ഉച്ച വരെയുള്ള സെഷനിൽ മിക്ക ഓഹരികളും കുതിപ്പ് കാട്ടി. 790 മില്യൺ ഡോളറിന്‍റെ വായ്പകൾ മാർച്ച് അവസാനത്തോടെ മുൻകൂട്ടി തിരിച്ചടക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് ഓഹരികൾക്ക് കുതിപ്പേകിയത്. 

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്കുള്ള കണക്ക് പ്രകാരം അദാനിക്ക് കീഴിലെ എട്ട് ഓഹരികളും നേട്ടത്തിലാണ്. ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരി വില ഒരു ഘട്ടത്തിൽ 15 ശതമാനത്തിലേറെ വർധിച്ചു. അദാനി വിൽമർ, അദാനി പവർ, എൻ.ഡി.ടി.വി എന്നീ ഓഹരികൾ അഞ്ച് ശതമാനം ഉയർന്ന് ഇന്നത്തെ പരമാവധി ഉയർന്ന വിലയായ അപ്പർ സർക്യൂട്ടിലാണ്. അദാനി പോർട്സ് 6.6 ശതമാനം, അദാനി ഗ്രീൻ എനർജി 4.4 ശതമാനം, അംബുജ സിമെന്‍റ്സ് 5.5 ശതമാനം, എ.സി.സി 3.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഓഹരികളുടെ പ്രകടനം.

അതേസമയം, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവ ഇന്നും കനത്ത ഇടിവ് തുടർന്നു. ഇന്നത്തെ പരമാവധി ഇടിവായ അഞ്ച് ശതമാനം എന്ന ലോവർ സർക്യൂട്ടിലാണ് രണ്ടിന്‍റെയും ഓഹരി വിലയുള്ളത്.


ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം കഴിഞ്ഞ ഒരു മാസമായി അദാനി ഓഹരികള്‍ കനത്ത തകര്‍ച്ചയിലാണ്. ജനുവരി 24ന് അദാനി ഓഹരികളുടെ വിപണി മൂല്യം 19.19 ലക്ഷം കോടി രൂപയായിരുന്നത് നിലവില്‍ 63 ശതമാനം ഇടിഞ്ഞ് 7.15 ലക്ഷം രൂപയായി. ലോക സമ്പന്നരിൽ രണ്ടാമതുണ്ടായിരുന്ന ഗൗതം അദാനി 23ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 

Tags:    
News Summary - Eight Adani Group shares trade in the green

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT