ന്യൂഡൽഹി: ദേശീയ ഓഹരി വിപണി (എൻ.എസ്.ഇ) യുടെ അതീവ രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണയെ സി.ബി.ഐ ചോദ്യംചെയ്തു. ചിത്ര രാമകൃഷ്ണ, മറ്റൊരു മുൻ സി.ഇ.ഒ രവി നരേൻ, മുൻ ഗ്രൂപ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രമണ്യൻ എന്നിവർക്കെതിരെ തിരച്ചിൽ നോട്ടീസും പുറപ്പെടുവിച്ചു. ഇവർ രാജ്യംവിട്ടുപോകാതിരിക്കാനാണ് മുൻകരുതൽ നടപടി. അതിനിടെ, ഡൽഹി ആസ്ഥാനമായ ഒ.പി.ജി സെക്യൂരിറ്റീസ് ഉടമയും പ്രമോട്ടറുമായ സഞ്ജയ് ഗുപ്തയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ഓഹരി വിപണി തുടങ്ങുന്നതിനു മുമ്പേ എൻ.എസ്.ഇയുടെ സെർവറിൽനിന്നുള്ള വിവരങ്ങൾ ഗുപ്തക്ക് ലഭിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഇതിന് ഒത്താശ ചെയ്ത ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയിലെയും കൂടാതെ എൻ.എസ്.ഇയിലെയും ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിമിഷംകൊണ്ട് കോടികളുടെ വ്യാപാരം നടക്കുന്ന വിപണിയിൽ നിർണായക വിവരങ്ങൾ മുൻകൂട്ടി ചോർന്നുകിട്ടിയാൽ വൻ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
2010-12 കാലയളവിലാണ് ഗുപ്തയുടെ സ്ഥാപനം എൻ.എസ്.ഇ സെർവർ ദുരുപയോഗം ചെയ്തത്. മറ്റ് ബ്രോക്കർമാർ വിപണിയിൽ കയറുംമുമ്പ് ഗുപ്തക്ക് അതിന് സാധിച്ചിരുന്നതിനാൽ കമ്പനികളുടെ ഓഹരിമൂല്യത്തിൽ ഇയാൾ വൻ തിരിമറി നടത്തിയിട്ടുണ്ടെന്ന് സി.ബി.ഐ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് സംശയം തോന്നി സെബി നടത്തിയ അന്വേഷണം ഗുപ്ത അട്ടിമറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2013-2016 കാലയളവിലാണ് ചിത്ര എൻ.എസ്.ഇ മേധാവിയായിരുന്നത്. ഈ കാലയളവിൽ അനധികൃത ഇടപാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സെബി അന്വേഷണം നടത്തി കഴിഞ്ഞയാഴ്ച ഇവർക്ക് മൂന്നു കോടി പിഴയിട്ടിരുന്നു. തുടർന്ന് ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിർദേശപ്രകാരമാണ് താൻ ഓഹരി വിപണിയെ നയിച്ചിരുന്നതെന്ന ചിത്രയുടെ വെളിപ്പെടുത്തൽ വൻ വിവാദമായി.
എൻ.എസ്.ഇ ഗ്രൂപ് ഓപറേറ്റിങ് ഓഫിസറായി ആനന്ദ് സുബ്രമണ്യനെ നിയമിച്ചതും യോഗി പറഞ്ഞിട്ടാണെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. 1.68 കോടി വാർഷിക ശമ്പളത്തിൽ നിയമിതനായ സുബ്രമണ്യന്‍ മൂന്നു വർഷംകൊണ്ട് 4.21 കോടിയായി ശമ്പളം ഉയർത്തി നൽകിയത് ചിത്ര യോഗിയുമായി ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.