മുംബൈ: മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതയും യു.എസിലെ ബോണ്ട് വരുമാനം ഉയർന്നത് മൂലം വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തിയത് വൻ വിൽപന. വിദേശ പോർട്ടിഫോളിയോ നിക്ഷേപകരാണ് ഓഹരികളുടെ വൻ വിൽപന നടത്തിയത്. നാല് ദിവസത്തിനുള്ളിൽ ഇവർ 20,000 കോടിയുടെ ഓഹരികൾ വിറ്റു.
വെള്ളിയാഴ്ചയാണ് ഓഹരികളുടെ വിൽപന വിദേശനിക്ഷേപകർ തുടങ്ങിയത്. അന്ന് 8.027 കോടി രൂപയുടെ വാഹരികൾ വിറ്റു. തിങ്കളാഴ്ച 3,268 കോടി, ചൊവ്വ 4,468 കോടി, വ്യാഴാഴ്ച 4,260 കോടി എന്നിങ്ങനെയാണ് വിദേശനിക്ഷേപകർ നടത്തിയ ഓഹരി വിൽപന. ഇതെല്ലാം കൂടി 20,023 കോടി വരുമെന്ന് എൻ.എസ്.ഇയുടെ കണക്കുകളിൽ നിന്നും വ്യക്തമാകും.
ഈയടുത്ത ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണികളിൽ തകർച്ച നേരിട്ടിരുന്നു. ദേശീയ സൂചിക നിഫ്റ്റിയിൽ 2.85 ശതമാനം നഷ്ടമുണ്ടായപ്പോൾ ബോംബെ സൂചിക സെൻസെക്സ് 2.9 ശതമാനം ഇടിഞ്ഞു. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ മാത്രമല്ല വിൽപന നടത്തുന്നത്. മറ്റ് വികസ്വര രാജ്യങ്ങളുടെ ഓഹരി വിപണികളിൽ നിന്നും അവർ പണം പിൻവലിക്കുന്നുണ്ട്.
യു.എസിന്റെ രണ്ട് വർഷത്തെ ട്രഷറി ബോണ്ടുകൾ അഞ്ച് ശതമാനത്തിനടുത്തേക്ക് എത്തിയാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 10 വർഷത്തെ ബോണ്ടുകളുടെ മൂല്യം അഞ്ച് ബേസിക് പോയിന്റും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.